മുസ്ലീം ലീഗാണ് രാഹുലിനെ രാഷ്‌ട്രീയ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചത്’, ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകുന്നത് ‘ശ്വാസംമുട്ടൽ’ അനുഭവപ്പെടുന്നത് പോലെ, അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: വയനാട്ടിലെ രാഹുലിന്റെ വിജയത്തിന് കാരണം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സഖ്യകക്ഷിയായ മുസ്ലീം ലീ​ഗ് ഉള്ളതുകൊണ്ടു മാത്രമെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇൻഡി സഖ്യത്തിന്റെ ഭാഗമാകുന്നത് ‘ശ്വാസംമുട്ടൽ’ അനുഭവപ്പെടുന്നത് പോലെയെന്നും ഒവൈസി പറഞ്ഞു. തലസ്ഥാനത്ത് ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ ഇൻഡി സഖ്യത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി.

‘വയനാട്ടിലെ രാഹുലിന്റെ വിജയത്തിന് കാരണം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സഖ്യകക്ഷിയായ മുസ്ലീം ലീഗാണ്. എന്തുകൊണ്ടാണ് രാഹുൽ അമേഠിയിൽ തോറ്റിട്ടും വയനാട്ടിൽ ജയിച്ചത്? വയനാട്ടിൽ മുസ്ലീം ലീഗ് ഉള്ളത് കൊണ്ടാണ് അദ്ദേഹം ജയിച്ചത്. മുസ്ലീം ലീഗാണ് രാഹുലിനെ രാഷ്‌ട്രീയ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചത്’ ഒവൈസി പരിഹസിച്ചു. ‘ഞങ്ങൾ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാക്കിയാൽ ഹിന്ദുവോട്ട് കിട്ടില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞതായും ഒവൈസി വെളിപ്പെടുത്തി.

പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിൽ ഇൻഡ്യ സഖ്യം പരാജയമാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ നേരിടാൻ ഉളള ത്രാണി അവർക്കില്ല. ഞങ്ങൾ ഇന്ത്യൻ സഖ്യത്തിലില്ല, ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. അവിടെ നിന്നാൽ പാർട്ടി ശ്വാസം മുട്ടി മരിക്കും’ അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.