യു പിയില്‍ വീണ്ടും സദാചാര പൊലീസ്; ഇതര മതക്കാരിയായ സുഹൃത്തിനോട് സംസാരിച്ച മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

ബിജെപി ഭരിക്കുന്ന യുപിയില്‍ വീണ്ടും സദാചാര പൊലീസിംഗ്. ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 24കാരന് ക്രൂര മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അക്രമികള്‍ തന്നെ ചിത്രീകരിച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിനോട് യുവതിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടുന്നതും തുടര്‍ന്ന് ഇയാളെ മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

മുസ്ലീം സമുദായാംഗമായ യുവാവ് യുവതിയെ കാണുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ പോയിരുന്നു. ഇതേ പ്രദേശത്തു താമസിക്കുന്ന ആക്രമികള്‍ യുവാവിനെ പിന്തുടരുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം കണ്ടതോടെ യുവാവിനെ ഇവര്‍ ചോദ്യം ചെയ്തു. ഹിന്ദുവായ പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ സ്വഭാവം അക്രമികള്‍ ചോദിച്ചറിയുന്നുണ്ട്.

തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് വ്യക്തമാക്കി. യുവതിയുടെ നല്ല സുഹൃത്താണ് താനെന്നും ദീര്‍ഘനാളുകള്‍ക്ക് ശേഷം അവരെ കാണാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാണെന്നും യുവാവ് വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.