വ്യാജ പ്രചാരങ്ങളെ തള്ളി മുസ്ലിം സംഘടനകൾ അഗ്നിപഥ് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുന്നു.

 

കൊച്ചി/ അഗ്നിപഥിനെതിരായ വ്യാജ പ്രചാരങ്ങളെ തള്ളി മുസ്ലിം സംഘടനകളും ജമാഅത്തുകളും രംഗത്ത്. പദ്ധതി സൈന്യത്തില്‍ കരാര്‍ നിയമനമേര്‍പ്പെടുത്താനുള്ള നീക്കമെന്ന് ആക്ഷേപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് കേരളത്തിലടക്കം കേന്ദ്ര സർക്കാരിന്റെ അഗ്നിപഥിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത തിരിച്ചടിയായി.

അഗ്നിപഥിനെ ആവേശത്തോട ഏറ്റെടുക്കുകയാണ് സംഘടനകളും മതസ്ഥാപനങ്ങളും എന്നതാണ് ശ്രദ്ധേയം. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് കര, വ്യോമ, നാവിക സേനകളിലേക്ക് അഗ്നിപഥ് പദ്ധതിയിലൂടെ അവസരമൊരുക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുകയാണ് ഈ യുവജനസംഘടനകള്‍. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പല കേന്ദ്രങ്ങളിലും ഇത്തരത്തില്‍ ഹെല്പ് ഡെസ്‌കുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

എറണാകുളം ജില്ലയിൽ വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളിജമാഅത്തിന്റെ നേതൃത്വത്തിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. മഹല്ല് ജമാഅത്തുകളുടെ ഏകീകൃത സംഘടനയായ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം ജമാ അത്തുകള്‍ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ നൽകുകയുണ്ടായി. ഇമാമുമാര്‍ ജുമുഅ പ്രസംഗത്തില്‍ ഇക്കാര്യം അറിയിക്കണമെന്ന ആഹ്വാനവും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദും ഒപ്പുവച്ച സര്‍ക്കുലറിൽ നൽകുകയായിരുന്നു.

തുടർന്നാണ് കാട്ടുപുറം പള്ളി അടക്കമുള്ള മഹല്ലുകളില്‍ മുസ്ലിം യുവാക്കള്‍ക്കായി ഹെല്പ്‌ഡെസ്‌കുകള്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ആസൂത്രിത കലാപമാണ് രാജ്യത്താകെ നടന്നത്. എം.എ. ബേബിയടക്കമുള്ള സിപിഎം നേതാക്കള്‍ അഗ്നിപഥിനെതിരായ വ്യാജ പ്രചാരങ്ങളുമായി രംഗത്ത് വന്നിരുന്നു. വസ്തുതകൾ തിരിച്ചറിഞ്ഞു, കേരളത്തില്‍ നടന്ന ദുഷ്പ്രചാരണങ്ങളെ തള്ളി അഗ്നിപഥിലേക്ക് കൂടുതല്‍ യുവാക്കളെ എത്തിക്കാന്‍ എല്ലാ സംഘടനകളും കൈകോര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്.