അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ല, പുന:പരിശോധന ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മസ്ജിദ് പണിയാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കില്ലെന്നും ഇതിന് വേണ്ടി നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. കൂടാതെ, അന്തിമ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

അനന്തര നടപടികള്‍ എന്താവണമെന്ന് ആലോചിക്കാന്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനമായത്.വൈകുന്നേരം മൂന്നരയ്ക്ക് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.ഈ കേസില്‍ കക്ഷിയല്ലാത്ത മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസിന്‍റെ ഭാഗമായുള്ള ആറ് കക്ഷികളെ ഉള്‍പ്പെടുത്തിയാകും പുന:പരിശോധന ഹര്‍ജി നല്‍കുക.

അതേസമയം, പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിയിലൊരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ നിന്നും സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയും വിട്ടു നിന്നത് ശ്രദ്ധേയമായി.

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ കേസില്‍ കക്ഷിയല്ല. പക്ഷെ മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ ഈ കേസിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ ഡും കേസില്‍ പുനഃപരിശോധന ഹര്‍ജിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് ആറ് കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കത്തിലേക്കാണ് ഇപ്പോള്‍ മുസ്ലീം വ്യക്തിനിയമബോര്‍ഡ് പോകുന്നത്.

സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. സുപ്രീം കോടതി വിധി പ്രകാരം നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് വെക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുനഃപരിശോധന ഹര്‍ജിക്കെതിരായ നിലപാടെടുത്തത്. ഇതോടെ അയോധ്യ വിഷയത്തിലെ കോടതി നടപടികള്‍ ഇനിയും തുടരാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പുനഃപ്പരിശോധന ഹര്‍ജിക്കായി വാദിച്ചു. ഈ മാസം ഒമ്ബതിനാണ് സുപ്രീംകോടതി വിധി വന്നത്. തര്‍ക്ക ഭൂമി ക്ഷേത്ര നര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീംകോടതി വിധി വന്നത്.