ലക്‌ഷ്യം കാണാതെ എം.വി.ഗോവിന്ദന്റെ ജാഥ, രാഷ്ട്രീയ തന്ത്രം പാളി, നെഗറ്റീവ് മാർക്കുകളും തോൽവിയും ബാക്കി

തിരുവനന്തപുരം. വിവാദങ്ങൾ കൊണ്ട് പൂത്തിരി കത്തിച്ച എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ തലസ്ഥാനത്ത് സമാപിച്ചപ്പോൾ സി പി എമ്മിനും സർക്കാരിനും സ്വന്തമാക്കാനായത് നെഗറ്റീവ് മാർക്കുകളും തോൽവിയും. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റ ശേഷം എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ വിവാദങ്ങളിൽ നിന്നും പാർട്ടിക്കും സർക്കാരിനും രക്ഷനേടാനുള്ള വെറുമൊരു രാഷ്ട്രീയ തന്ത്രമായി മാത്രം മാറി.

ഫെബുവരി 20 നു കുമ്പളയില്‍ നിന്നു തുടങ്ങി യാത്ര ഒരു മാസത്തോളം 14 ജില്ലകളില്‍ ചുറ്റി കറങ്ങി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുമ്പോൾ പാർട്ടി സഖാക്കളിലും അടുത്ത അനുഭാവികളിലും മാത്രമൊതുങ്ങിയ വെറുമൊരു രാഷ്ട്രീയ മാമാങ്കമായി പര്യവസാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രചാരണം ലക്ഷ്യം വെച്ച് തുടങ്ങി, പിന്നീട് എം.വി.ഗോവിന്ദനെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാൻ ലക്‌ഷ്യം വെച്ചിരുന്നെങ്കിലും ജാഥയുടെ ലക്ഷ്യവും അലകളും ജങ്ങളിലേക്ക് ഏശിയില്ല.

സി പി എമ്മും, പിണറായി സർക്കാരും സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, ധൂര്‍ത്തുകള്‍, പെട്രോളിനും ഡീസലിനും രണ്ടുരൂപ നികുതി ചുമത്തിയത്, രൂക്ഷ സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരുടെ വിദേശയാത്ര, എന്നിവയിൽ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആകുന്ന അവസരത്തിലാണ് ഇതിനെയൊക്കെ മൂടിപ്പുതപ്പിക്കാൻ ലക്ഷ്യമിട്ട് യാത്രയ്ക്ക് തുടക്കമിടുന്നത്. ഒരു സ്വയം പ്രതിരോധമായി തുടങ്ങിയ യാത്രയിൽ മുഴുനീളം ‘പ്രതിരോധമെന്നത്’ തോറ്റു തൊപ്പിയണിയുകയായിരുന്നു.

കാസര്‍കോട് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുമ്പോൾ പോലും വിവാദങ്ങൾ മാത്രമായിരുന്നു യാത്രയ്ക്ക് ഇപ്പോഴും അകമ്പടിയായത്. ദിവസവുമുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആവട്ടെ താനടക്കമുള്ള നേതാക്കളുടെ പിഴവുകള്‍ വിശദീകരിക്കേണ്ടി വന്ന് തേക്കാൻ നോക്കിയ എണ്ണ കൊണ്ട് പോലും പാണ്ടുണ്ടാക്കി.

പിണറായിക്ക് ശേഷം ഭരണം കിട്ടിയാൽ മുഖ്യ മന്ത്രി പദത്തിലേക്കുള്ള ഒരു ചവിട്ടുപടി പണിയാനുള്ള ശ്രമം നടത്തുകയായിരുന്നു ഗോവിന്ദന്റെ മനസെന്നത് വ്യക്തമാക്കുന്നതായിരുന്നു പല പ്രസംഗങ്ങളും. സി പി എം പാര്‍ട്ടി സെക്രട്ടറി നടത്തുന്ന യാത്രയായി ഗൗരവത്തോടെ ഉറ്റുനോക്കിയ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ജനകീയ പ്രതിരോധ ജാഥയെ പല സർക്കാർ കുറിപ്പുകളും പോലെ ഊതിക്കാച്ചിയ ബലൂണുകൾ പോലത്തെ പ്രസംഗങ്ങളിൽ തോറ്റുപോകുന്നതാണ് പിന്നീട് കാണുന്നത്. അത് കൊണ്ട് തന്നെ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത യാത്രയെന്ന ഖ്യാതി കൂടി ഗോവിന്ദനും യാത്രക്കും നേടാനായി.

നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നു വര്‍ഷവും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു വര്‍ഷവും ബാക്കിയുള്ളപ്പോൾ യാത്ര അനവസരത്തിലെന്നു പറഞ്ഞവരാണ് ഏറെ. എന്തിനു ഇങ്ങനെ ഒരു യാത്ര എന്ന് ചോദിച്ചവരും ഉണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്താനിരുന്ന പദയാത്ര പോലും അനവസരത്തില്‍ ഉള്ളത് എന്ന് പറഞ്ഞു ബിജെപി കേന്ദ്ര നേതൃത്വം മാറ്റിവെച്ചിരിക്കെയായിരുന്നു ഈ ഗോവിന്ദയാത്ര.

യാത്ര തുടങ്ങുമ്പോള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കി, ആര്‍എസ്എസ്-ജമാ അത്തെ ഇസ്ലാമി ചര്‍ച്ച എടുത്തിട്ടു അലക്കാമെന്നു കരുതിയ പിണറായിയുടെ ലക്‌ഷ്യം പോലും പൊളിഞ്ഞു പോവുകയായിരുന്നു. തുടർന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ജനകീയ പ്രതിരോധജാഥയില്‍ നിന്നും അകന്നു നിന്നത് ഓരോ ദിവസവും ചർച്ചയാവുകയായിരുന്നു. യാത്ര തുടങ്ങി പത്ത് ദിവസം കഴിഞ്ഞാണ് ഇപി ജാഥയിലേക്ക് ഒന്ന് എത്തി നോക്കിയത്. തന്റെതായ നിഗമനങ്ങളിലും സിദ്ധാന്തങ്ങളിലും ഒതുങ്ങി ‘ സൈദ്ധാന്തിക’ സ്റ്റൈൽ രാഷ്ട്രീയ പ്രസംഗങ്ങളാണ് ഗോവിന്ദന്‍ പയറ്റി നോക്കിയതെങ്കിലും അതും ഏശിയില്ല. പ്രസംഗങ്ങളും ഗോവിന്ദന്റെ ശരീരഭാഷയും തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമായിരുന്നു.

കൂറ്റനാട് നിന്നും അപ്പം കൊച്ചിയില്‍ വിറ്റ്‌ ഒരു മണിക്കൂര്‍ കൊണ്ട് തിരിച്ചെത്താം എന്ന സില്‍വര്‍ ലൈന്‍ പ്രസംഗവും, മൈക്കുകാരനെ തെറി പറഞ്ഞതും, ജാഥയ്ക്ക് തീരാത്ത കളങ്കമായിട്ടായിരുന്നു ഉപ്പും കൂട്ടി ചോറ് തിന്നുന്നവരൊക്കെ വിലയിരുത്തിയത്. ബ്രഹ്മപുരം തീപിടുത്തത്തോടെ ജാഥയുടെ നിറവും പൊലിപ്പും ഒക്കെ പൊട്ടി. പതിനൊന്നു ദിവസം ജാഥ സംബന്ധിച്ച വാർത്തകൾ മൂട് താങ്ങി മാധ്യമങ്ങൾ പോലും മൂലയിലേക്ക് തള്ളി.

വൈക്കം വിശ്വന്റെ മരുമകനെ കേന്ദ്രബിന്ദുവാക്കി ഉയർന്ന വിവാദങ്ങള്‍ യാത്രയെയും, പാർട്ടിയെയും പിടിച്ച് കുലുക്കി കുടഞ്ഞു വാരി. ഷുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുടെ എഫ്ബി കുറിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും തിരിച്ചടി തന്നെയാണ് നൽകിയത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള യാത്രക്ക്, ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഇ ഡി ആദ്യ അറസ്റ്റ് നടത്തുന്നതിനും സാക്ഷ്യം പറയേണ്ടി വന്നു..

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയിലിലാഎത്തും, മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ നിരന്തരം വിളിച്ച് വരുത്തിയതുമൊക്കെ യാത്രയ്ക്ക് കനത്ത തിരിച്ചടികളാണ് ഉണ്ടാക്കിയത്. ഇ.പി.ജയരാജന്‍ വിഷയം പോലെ തന്നെ ഇഡി നടപടികളിലും എം.വി.ഗോവിന്ദന് വിശദീകരണം നൽകാൻ പെടാപ്പാടു പെടേണ്ടി വന്നു.

സ്വപ്ന വിവാദവും നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമൊക്കെ കൊടുമ്പിരി കൊള്ളുമ്പോൾ ഗോവിന്ദനും യാത്രയുമൊക്കെ അപ്രസക്തമാവുകയായിരുന്നു. തന്റെ ആയുസിനു ഭീഷണിയുണ്ടെന്നു എം.വി.ഗോവിന്ദനെ ഉദ്ധരിച്ച് വിജേഷ് പിള്ള പറഞ്ഞുവെന്നു സ്വപ്ന സുരേഷ് ആരോപിച്ചത് യാത്രയെ വീണ്ടും വിവാദങ്ങളിലേക്ക് തള്ളി. ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ച് തത്ക്കാലം പാര്‍ട്ടി സെക്രട്ടറി തടിയൂരുന്നതും ജാഥയ്ക്ക് ‘ബാഡ്’ IMPACT നൽകി.