ഭാര്യയെ പ്രതീക്ഷിച്ചവർ, മക്കളെ പ്രതീക്ഷിച്ചവർ, എത്ര പെട്ടന്നാണ് സന്തോഷങ്ങൾ നിലവിളികളായി മാറിയത്.

ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടത്തിന്റെ ഞെട്ടലിലാണ് മലയാളികൾ ഒന്നടങ്കം. നിരവധിപ്പേർക്കാണ് ജീവൻ നഷ്ടമായത്. ചികിത്സയിൽ കഴിയുന്നവരും അനവധി. മരിണപ്പെട്ടുപോയവരുടെ കുടുംബാം​ഗങ്ങളുടെ ആശങ്ക പങ്കുവെക്കുകായണ് നജീബ് മൂടാടി. നമ്മുടെ സന്തോഷങ്ങൾ എത്ര ക്ഷണികമാണെന്നും മനുഷ്യൻ എത്ര നിസ്സഹായനും നിസ്സാരനുമാണെന്നും ഈ അപകടം ഓർമ്മിപ്പിക്കുന്നു. റൺവേ തൊട്ട് ഒരു കുലുക്കത്തോടെ വിമാനം ഇരമ്പി നീങ്ങുമ്പോൾ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്ക് ഇതാ എത്തിയല്ലോ എന്ന ആഹ്ലാദം…. അതുപോലെ തന്നെയാണ് യാത്രക്കാരെ കാത്തിരിക്കുന്ന ഉറ്റവർക്കും. പ്രിയതമനെ കാത്തിരിക്കുന്നവർ, പിതാവിനെ കാത്തിരുന്ന മക്കൾ, ഇന്നലത്തെ വിമാനത്തിൽ ഉണ്ടായിരുന്ന ഒരുപാട് കുട്ടികളെ, ഒരുപാട് നാളുകൾക്ക് ശേഷം പേരക്കിടാങ്ങളെ കാണാൻ പോവുന്ന സന്തോഷത്തിൽ ഇരിക്കുന്ന കുറെ മനുഷ്യർ. ഗർഭിണികളായ മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കൾ ഇവരെക്കുറിച്ചെല്ലാമാണ് നജീബ് കുറിപ്പിൽ പങ്കുവെക്കുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

ഒരു പ്രവാസിയുടെ മനസ്സ് ഏറ്റവും ആഹ്ലാദം കൊണ്ട് തുളുമ്പുന്നത് നാട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ്. ഇന്നലെ അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നവരും അതുപോലെ ആയിരിക്കും. ഒരുപാട് അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ നാട്ടിലേക്ക് യാത്ര പുറപ്പെട്ടവർ. കത്തുന്ന മരുഭൂമിയിൽ നിന്നും ഉയർന്ന വിമാനം കർക്കടക മഴയിൽ കുളിച്ചു നിൽക്കുന്ന നാടിനെ ചുംബിക്കാൻ താഴ്ന്നു പറക്കുന്ന ആ വേളയിലെ കാഴ്ചകൾ. തെങ്ങുകളും കെട്ടിടങ്ങളും നിരത്തുകളും കോരിച്ചൊരിയുന്ന മഴയിലൂടെ തെളിഞ്ഞു കാണുന്ന നാട് ഉള്ളിൽ ഉണർത്തുന്ന ആനന്ദം. റൺവേ തൊട്ട് ഒരു കുലുക്കത്തോടെ വിമാനം ഇരമ്പി നീങ്ങുമ്പോൾ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്ക് ഇതാ എത്തിയല്ലോ എന്ന ആഹ്ലാദം….അതുപോലെ തന്നെയാണ് യാത്രക്കാരെ കാത്തിരിക്കുന്ന ഉറ്റവർക്കും. പ്രിയതമനെ കാത്തിരിക്കുന്നവർ, പിതാവിനെ കാത്തിരുന്ന മക്കൾ,ഇന്നലത്തെ വിമാനത്തിൽ ഉണ്ടായിരുന്ന ഒരുപാട് കുട്ടികളെ, ഒരുപാട് നാളുകൾക്ക് ശേഷം പേരക്കിടാങ്ങളെ കാണാൻ പോവുന്ന സന്തോഷത്തിൽ ഇരിക്കുന്ന കുറെ മനുഷ്യർ.

ഗർഭിണികളായ മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കൾ….എത്രപെട്ടെന്നാണ് ഈ സന്തോഷങ്ങളൊക്കെ വലിയൊരു നിലവിളിയായി മാറിയത്. നിർത്താതെ മഴ പെയ്തുകൊണ്ടിരുന്ന ഇന്നലെ രാത്രി മുഴുവൻ അതുപോലെ ഉള്ളിൽ കാരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു വർത്തയറിഞ്ഞ ഓരോ മനുഷ്യരും. നെഞ്ചുരുകുന്ന പ്രാർത്ഥനയോടെ. തങ്ങൾക്ക് അപരിചിതരെങ്കിലും ആ യാത്രക്കാരൊക്കെയും തങ്ങളുടെ ഉറ്റവരെന്ന പോലെയായിരുന്നു ഓരോ മനസ്സിലും. മരിച്ചവരുടെ എണ്ണം ഏറുംതോറും വാർത്ത വ്യാജമാകണേ എന്നാഗ്രഹിച്ചു പോയ സമയം.. ഊഹിക്കാൻ കഴിയുന്നതിലും ഭീകരമായ അവസ്ഥയായിരുന്നു ഇന്നലെ രാത്രി.ഇതുപോലൊരു വിമാനാപകടത്തിന് സാക്ഷിയായ ഓരോർമ്മയുണ്ട്. 1990 ൽ ബാംഗ്ലൂരിൽ നടന്ന വിമാനാപകടം. മുംബൈ ബാംഗ്ലൂർ അ 320 ഫ്‌ലൈറ്റ് ബാംഗ്ലൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ റൺവേക്ക് പുറത്ത് ചതുപ്പ് പ്രദേശത്ത് ഇടിച്ചിറങ്ങി 92 പേർ മരണപ്പെട്ട ദുരന്തം. 1990 ഫിബ്രവരി 14 ന്.അന്ന് ഞാൻ ബാംഗ്ലൂർ എയർപോർട്ടിന് അടുത്തുള്ള മുരുഗേഷ് പാളയത്തെ ഉപ്പാന്റെ ഹോട്ടലിൽ ആണ്. ഉച്ചതിരിഞ്ഞു മൂന്നുമണി കഴിഞ്ഞ നേരം. ഒരുപാട് ഫയർഫോഴ്‌സ് വണ്ടികൾ എയർപോർട്ട് ഭാഗത്തു നിന്നും വന്ന് ചഅഘ റോഡിലേക്ക് കുതിക്കുന്ന ബഹളം. ആരോ പറഞ്ഞു വിമാനം വീണതാണ് എന്ന്. ചർച്ച് റോഡിലൂടെ ദേവപ്പയുടെ മുന്തിരിത്തോട്ടം കടന്നു ചെലഗട്ടയിലേക്ക് ഓടിയെത്താൻ പത്തുമിനിറ്റ് വേണ്ടി വന്നില്ല.

റൺവേയുടെ മതിലിന് ചേർന്ന് പശുക്കൾ മേയുന്ന ചെലഗട്ടയിലെ ചതുപ്പ് നിലത്തിൽ മുഖംകുത്തി വീണ വിമാനം അപ്പോഴും പുകയുന്നുണ്ടായിരുന്നു. ഫയർഫോഴ്‌സ് ടീം തീ കെടുത്താൻ പതപോലെ ഒന്ന് പമ്പ് ചെയ്യുന്നു. ഓടിക്കൂടിയ ആൾക്കൂട്ടമാണ് ചുറ്റും. സീറ്റിൽ ഇരുന്ന അതേ രൂപത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ വയലിന് ഒരു ഭാഗത്തേക്ക് കൊണ്ടു വന്ന് കിടത്തിയ കാഴ്ച!. 146 യാത്രക്കാരിൽ 92 പേരാണ് കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് കത്തി മരിച്ചത്. കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധം.എയർപോർട്ടിൽ ഉറ്റവരെ കാത്തിരുന്നവർ അപകട വിവരമറിഞ്ഞ് അങ്ങോട്ട് ഓടിയെത്തി അലമുറയിടുന്ന ദൃശ്യങ്ങൾ.ഇന്നലെ രാത്രി കരിപ്പൂരിലെ അപകട വിവരമറിഞ്ഞപ്പോൾ അന്ന് കണ്ട കാഴ്ചകൾ പിന്നെയും ഓർത്തു. ഏറ്റവും വലിയ ആഹ്ലാദനിമിഷങ്ങൾക്ക് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി മരണത്തിലേക്കും അപകടത്തിലേക്കും തെറിച്ചു പോയവരുടെ അവസ്ഥ. അപകടത്തിന്റെ വേദനയിലും കൂടെ ഉണ്ടായിരുന്ന മക്കൾ, ജീവിത പങ്കാളി എവിടെ എന്നറിയാത്തതിന്റെ വിഭ്രാന്തി.നമ്മുടെ സന്തോഷങ്ങൾ എത്ര ക്ഷണികമെന്ന്, മനുഷ്യൻ എത്ര നിസ്സഹായനും നിസ്സാരനുമാണെന്ന് ഇങ്ങനെ അപകടത്തിൽ പെടുന്ന ഓരോരുത്തരും….

അതേ സമയം മനുഷ്യനോളം മഹത്തായ ഒരു പദമില്ലെന്ന് പിന്നെയും ഓർമ്മിപ്പിക്കുക കൂടി ആയിരുന്നല്ലോ അവിടെ ഓടിക്കൂടിയ ആളുകൾ. ഉറ്റവർ തമ്മിൽ പോലും പരമാവധി അകലം പാലിച്ച് കഴിയുന്നതും അടുത്തു വരാതെ അതീവ ജാഗ്രതയോടെ നടന്ന മനുഷ്യരാണ് വലിയൊരു അപകടത്തിലേക്ക് വീണ ഒരുപാട് ജീവനുകളെ രക്ഷിക്കാൻ എല്ലാം മറന്നു കൊണ്ട് ഓടിയെത്തിയത്. കൊറോണയും പെരുമഴയും വക വെക്കാതെ വിമാനം പൊട്ടിത്തെറിച്ചാൽ തങ്ങളും ബാക്കിയാവില്ലല്ലോ എന്നോർക്കാതെ കിട്ടിയ ഓരോ മനുഷ്യരെയും വാരിയെടുത്ത് ആശുപത്രികളിലേക്ക് കുതിച്ചത്.

ഒരേ സമയം മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അതേ സമയം മനുഷ്യനോളം ഉയരാൻ കഴിയുന്ന ജന്മം വേറെ ഇല്ലെന്നും തെളിയിച്ച രംഗം.ഓരോ ദുരന്തങ്ങളും നമ്മളെത്ര നിസ്സാരരും നിസ്സഹായരുമാണെന്ന് ഓർമ്മിപ്പിക്കുന്നു. ആരെന്ന് നോക്കാതെ ജീവൻ രക്ഷിക്കാൻ വാരിയെടുത്തു കുതിച്ചവർ മുതൽ ഡോക്ടർമാറും നഴ്‌സ്മാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ. മാധ്യമപ്രവർത്തകർ. ബന്ധുക്കളുടെ അന്വേഷണങ്ങൾക്ക് കിട്ടാവുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും കഴിയും വിധത്തിൽ ശേഖരിച്ച് അറിയിച്ചു കൊണ്ടിരുന്ന മനുഷ്യർ. . പ്രാർത്ഥനയോടെ ഇന്നലെ രാത്രി കൂടെ നിന്നവർ…വെറുപ്പും വിദ്വേഷവും പോർ വിളിയുമൊക്കെ ചെറുകാറ്റിൽ പോലും അണഞ്ഞുപോകുന്ന നിസ്സാരമായ ഈ ജീവിതം വെച്ചുകൊണ്ടാണല്ലോ എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ദുരന്തങ്ങളും..മനുഷ്യൻ മനുഷ്യനായി ഉയരണമെന്നും…ഇന്നലത്തെ അപകടത്തിൽ വീടെത്താനാവാതെ യാത്രയുടെ ഒടുവിൽ മരണം കൂട്ടിക്കൊണ്ടുപോയ പ്രവാസികളായ എല്ലാ കൂടപ്പിറപ്പുകൾക്കും കണ്ണീരോടെ വിട.