നരേന്ദ്ര ഗിരിയുടെ മരണം; മൂന്നു ശിഷ്യന്മാർ പൊലീസ് കസ്റ്റഡിയിൽ

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ മരണത്തിൽ മൂന്നു ശിഷ്യന്മാർ കസ്റ്റഡിയിൽ. ശിഷ്യൻ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആദി തിവാരി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മുൻ ശിഷ്യനായിരുന്ന ആനന്ദ് ഗിരി മാനസികമായി നരേന്ദ്രഗിരിയെ പീഡിപ്പിച്ചിരുന്നതായി സൂചിപ്പിക്കുന്ന ആത്മഹത്യകുറുപ്പ് പൊലീസിന് ലഭിച്ചിരുന്നു.

നരേന്ദ്രഗിരിയെ ഇന്നലെയാണ് ഉത്തർപ്രദേശ് പ്രയാഗ് രാജിലെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശിഷ്യൻ അമർ ഗിരി പവന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചില തർക്കങ്ങളെതുടർന്ന് ആനന്ദ് ഗിരിയെ ഒരു വർഷം മുമ്പ് മഠത്തിൽ നിന്ന് പുറത്താക്കിയിരുന്നു. നരേന്ദ്രഗിരിയുടെ മരണം ഗൗരവകരമായി എടുക്കുന്നുവെന്നും കുറ്റവാളി ആരായാലും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഫ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും.

നരേന്ദ്രഗിരിയുടെ മരണത്തോടെ ആത്മീയമേഖലക്ക് വലിയ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നരേന്ദ്രഗിരിക്ക് അന്തിമോപചാരം അർപ്പിച്ചു. നരേന്ദ്രഗിരിയുടെ മരണം ഗൗരവകരമായി എടുക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. അതേസമയം നരേന്ദ്രഗിരിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പരിഷത്ത് വൈസ് പ്രസിഡൻറ് ദേവേന്ദ്ര സിങ് ആവശ്യപ്പെട്ടു. സിബി.ഐ. അന്വേഷണമാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടു. പ്രയാഗ് രാജ് ജില്ലാമജിസ്ട്രേട്ടിനെയും എസ്.എസ്.പിയെയും മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.