കാളി ദേവി മുഴുവന്‍ ഇന്ത്യക്കാരുടെയും ഭക്തിയുടെ കേന്ദ്രം- പ്രധാനമന്ത്രി നരേന്ദ്രമോദി

കാളി ദേവിയുടെ അനുഗ്രഹം ഭാരതം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. കാളി ദേവി ബംഗാളിന്റെ മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരുടേയും ഭക്തിയുടെ കേന്ദ്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാളി ദേവിയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ വിവാദം കനക്കുന്നതിനിടെയാണ് കാളി ദേവിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

രാമകൃഷ്ണ മഠത്തിന്റെ 15-ാമത് അധ്യക്ഷനായിരുന്ന സ്വാമി ആത്മസ്ഥാനാനന്ദയുടെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വം നിലനില്‍ക്കുന്നത് കാളി ദേവിയുടെ അനുഗ്രഹം കൊണ്ടാണ്. ദേവിക്ക് പ്രാര്‍ത്ഥന അര്‍പ്പിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ഊര്‍ജസ്വലനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസരും കാളി ഭക്തരായിരുന്നു. കാളി ദര്‍ശനങ്ങളിലൂന്നിയാണ് ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്വാമി വിവേകാനന്ദന്‍ പോലും മുന്നോട്ട് പോയത്. സ്വാമി വിവേകാനന്ദന്‍ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന വ്യക്തിയാണ്. പക്ഷേ കാളി ദേവിയോടുള്ള ഭക്തിയില്‍ അദ്ദേഹം ഒരു കുട്ടിയെപ്പോലെയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.