എനിക്കും ടിയുമായി ബന്ധമുണ്ട് മലയാളി വിദ്യാര്‍ത്ഥിയോട് മോദി, സ്മാര്‍ട് ഇന്ത്യ ഹാക്കത്തണില്‍ ചായ ബന്ധം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാര്‍ട് ഇന്ത്യ ഹാക്കത്തണില്‍ ഒരു ചോദ്യം ഏവരിലും ചിരിയുളവാക്കിയിരുന്നു. ”ഞാനും ടി യുമായി ബന്ധപ്പെട്ടിരിക്കുന്നു; നിങ്ങളും അതേ ടി ആണോ?” എന്നായിരുന്നു നരേന്ദ്ര മോദി ചോദിച്ചത്. ഇത് കേട്ടതും പലരും ചിരിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഓണ്‍ലൈന്‍ ആയി നടത്തുന്ന പരിപാടിയില്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിയായ ടി ഗോവിന്ദ് തന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴായിരുന്നു മോദി തമാശയായി തന്റെ ടീ ബന്ധം പറഞ്ഞത്.

ടിയും താനുമായി കണക്ടഡ് ആണെന്ന് ആയിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ആദ്യം ഇതാര്‍ക്കും പിടികിട്ടിയില്ല. തുടര്‍ന്ന് ടിഇഎ എന്ന് അന്തരീക്ഷത്തില്‍ എഴുതി കാട്ടിയ ശേഷം അദ്ദേഹം ചിരിക്കുകയും ചെയ്തു. തുടര്‍ന്നാണ് മോദി പ്രോജക്ടിനെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ വിര്‍ച്വല്‍ പിന്തുണ കൊടുക്കുന്ന സംവിധാനം വികസിപ്പിച്ചതിനെ കുറിച്ചായിരുന്നു ഗോവിന്ദ് പ്രധാനമന്ത്രിയോട് വിശദീകരിച്ചത്.

ഈ സംവിധാനം വികസിപ്പിച്ചത് കോളേജിലെ ആറ് പേരടങ്ങുന്ന മിസ്റ്റിക് എന്ന സംഘമാണ്. ഇത് ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴി 5 മിനിറ്റ് അഭിമുഖം പൂര്‍ത്തിയാക്കിയ ശേഷമാണ് ഹാക്കത്തണിലേക്ക് ഇവരെ തിരഞ്ഞെടുത്തത്. പുല്ലഴി തിയ്യാടി ഗിരീശന്റെയും സുനിതയുടെയും മകനായ ഗോവിന്ദ് മൂന്നാം വര്‍ഷ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. ഹാക്കത്തണില്‍ പ്രധാനമന്ത്രിയുമായി സംവാദത്തിന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 3 കോളജുകളില്‍ ഒന്ന് സഹൃദയയാണ്.