പ്രധാനമന്ത്രിക്ക് തുലാഭാരം താമരപ്പൂക്കള്‍ കൊണ്ട്; തുലാഭാരത്തിന് 112 കിലോ താമരപ്പൂക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇത്തവണയും താമരപ്പൂക്കള്‍ കൊണ്ടാണ് അദ്ദേഹത്തിന് തുലാഭാരം തൂക്കുന്നത്. ഇതിന് വേണ്ടി 112 കിലോ താമരപ്പൂക്കള്‍ ഏല്പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു.

നാഗര്‍കോവിലില്‍ നിന്നാകും താമരപ്പൂക്കള്‍ എത്തിക്കുക. ഇതില്‍ നിന്ന് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14ന് ദര്‍ശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയിരുന്നു. അന്ന് കദളിപ്പഴംകൊണ്ടും തുലാഭാരമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തി വിടില്ല. രാവിലെ പത്ത് മുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. ഈ സമയമത്രയും ആരെയും ക്ഷേത്രത്തിന് അടുത്തേക്ക് പോലും പ്രവേശിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം കഴിയുന്നത് വരെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് മുഴുവന്‍ കടുത്ത വാഹനനിയന്ത്രണം ഉണ്ടായിരിക്കും.