Home national കോണ്‍ഗ്രസിന് തിരിച്ചടി, നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

കോണ്‍ഗ്രസിന് തിരിച്ചടി, നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ന്യൂ‍ഡൽഹി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും (എ.ജെ.എൽ) യങ് ഇന്ത്യയുടെയും 751.9 കോടി രൂപയുടെ സ്വത്ത്‌ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുംബൈയിലെയും ദൽഹിയിലെയും നാഷണൽ ഹെറാൾഡ് ഹൗസുകളും ലഖ്‌നൗവിലെ നെഹ്‌റു ഭവനുമായിരുന്നു കണ്ടുകെട്ടിയത്.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് ദൽഹിയിലും മുംബൈയിലും ലഖ്‌നൗവിലുമായി 661.69 കോടി രൂപയുടെ വസ്തുവുണ്ടെന്നും യങ് ഇന്ത്യക്ക് നിക്ഷേപ രൂപത്തിൽ 90.21 കോടി രൂപയുണ്ടെന്നും ഇ.ഡി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് പ്രസ്. എ.ജെ.എല്ലിന്റെ ഹോൾഡിങ് കമ്പനിയാണ് യങ് ഇന്ത്യ. എങ്ങനെ യങ് ഇന്ത്യ വഴി എ.ജെ.എൽ എന്ന കമ്പനിയെ കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തു എന്നതാണ് കേസ്.

2013ൽ ബി.ജെ.പി നേതാവായ സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്രം സ്വന്തമാക്കുന്നതിന് ഗാന്ധി കുടുംബം ഫണ്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.