ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ 6.9 കോടി രൂപയുടെ ഹെറോയിനുമായി ഉഗാണ്ട സ്വദേശി പിടിയിൽ

ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ 6.9 കോടി രൂപയുടെ ഹെറോയിനുമായി ഉഗാണ്ട സ്വദേശിയെ പിടികൂടി. ഒരു കിലോയോളം ഹെറോയിൻ ഗുളിക രൂപത്തിലാക്കി കടത്താനുളള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. 91 ഗുളികകളും കസ്റ്റംസ് ണ്ടെടുത്തിട്ടുണ്ട്. 53 ഗുളികകൾ ബാഗിനുളളിലായിരുന്നു. 38 ഗുളികകൾ ആർഎംഎൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അടിവയറ്റിൽ ഒളിപ്പിച്ചതായി മനസിലാകുകയായിരുന്നു. ജനുവരി 16 നാണ് ഇയാൾ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.

എത്യോപ്യ വഴിയായിരുന്നു ഇയാൾ ഡൽഹിയിൽ എത്തിയത്. വിമാനത്താവളത്തിൽ ബാഗ് പരിശോധിച്ചപ്പോഴാണ് കറുത്ത നിറത്തിലുളള ഹാൻഡ് ബാഗിൽ ഗുളികകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുളികകൾ വിഴുങ്ങിയതായി ഇയാൾ വെളിപ്പെടുത്തിയത്. തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിവയറിന്റെ എക്‌സ്‌റേ പരിശോധനയിൽ ഗുളികകളുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു.