ജീവിതത്തിൽ ആദ്യമായി കട്ടത് പതിമൂന്നാമത്തെ വയസ്സിലാണ് .അതും ഒരു ചെരുപ്പ്, കുറിപ്പ്

നയന വൈദേഹി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ജീവിതത്തിൽ ആദ്യമായി മോഷ്ടിച്ചതിനെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ജീവിതത്തിൽ ആദ്യമായി കട്ടത് പതിമൂന്നാമത്തെ വയസ്സിലാണ് .അതും ഒരു ചെരുപ്പ് …പിന്നീടിതുവരെ ആരുടെയും ഒന്നും അറിഞ്ഞിട്ടോ അറിയാതെയോ എടുത്തട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതത്തിൽ ആദ്യമായി കട്ടത് പതിമൂന്നാമത്തെ വയസ്സിലാണ് .അതും ഒരു ചെരുപ്പ് …പിന്നീടിതുവരെ ആരുടെയും ഒന്നും അറിഞ്ഞിട്ടോ അറിയാതെയോ എടുത്തട്ടില്ല. ഒട്ടും ആഗ്രഹങ്ങളില്ലാത്ത നീണ്ട കൗമാരത്തെ കുറിച്ചോർക്കുമ്പോൾ എനിക്കിന്നും എന്നോട് പാവം തോന്നും .ആവശ്യത്തിനു പോലും ഉടുക്കാനില്ലാത്ത കാലത്ത് നിറങ്ങളുള്ള വസ്ത്രങ്ങൾ സ്വപ്നം കാണുന്നതെങ്ങനെയാണ് …ആരുടെയും ഒന്നും ആഗ്രഹിക്കാത്ത ഞാൻ ‘ഏതോ നിമിഷത്തിൽ കള്ളിയായി . വീട്ടിൽ നിന്ന് സ്ക്കൂളിലേക്കെത്താൻ ബസ്സിൽ മാത്രം പോയാ പോരാ കുറേയേറെ നടക്കാനും ഉണ്ടായിരുന്നു . ചെരുപ്പില്ലാതെ ഇത്ര ദൂരം എങ്ങനെ പോവും ?

അമ്മയുടെ കയ്യിൽ കാശില്ല … ചെരുപ്പിടാതെ പോവാനും വയ്യ ,,, ഞാനാണെങ്കിൽ ക്ലാസ്സിലേക്ക് കീറിപ്പറിഞ്ഞ ഇറക്കമില്ലാത്ത വലിയ വലിയ ഗർത്തങ്ങളുള്ള യൂണിഫോമിട്ടു വരുന്ന ,,, നേരത്തിന് ഫീസടക്കാത്ത ഒരേ ഒരു കുട്ടി … എങ്കിലും പരാതിയില്ല ആരോടും … ഇല്ലാഞ്ഞിട്ടല്ലെ ,കൂട്ടുകാരികളുടെ അമ്മമ്മാരുടെ നിരന്തര കളിയാക്കലുകൾ കേൾക്കുന്ന സമയം .. അവരുടെ ആരുടെയും ചെരുപ്പും യുണിഫോമുമൊന്നും ഇങ്ങനെയല്ല .. ഭംഗിയിൽ തേച്ച് ചുരിദാറിന്റെ മൂന്നു സൈഡിലേക്കും ഷാള് കുത്തി അവർ വരുമ്പോൾ കീറിപ്പറിഞ്ഞ കാരണം ഷാളെടുത്ത് പുതച്ച് നടക്കേണ്ട അവസ്ഥയാണെനിക്ക് ..ആ ഇടക്കാണ് ഉള്ള ചെരുപ്പ് പൊട്ടിയത് . ഒരണ്ണം വാങ്ങണം ,അമ്മയോട് ചോദിച്ചിട്ട് കാര്യമില്ലഞാൻ പതിയെ തറവാട്ടിലേക്ക് നടന്നു, അച്ഛമ്മ റിട്ടേർഡ് ഹൈസ്ക്കൂൾ ടീച്ഛറാണ് ..അച്ഛമ്മേ ..എന്താ കുട്ടീ ….എന്റെ ചെരുപ്പ് പൊട്ടി ഒരണ്ണം വാങ്ങാൻ കാശ്ത്തരോ?എന്റെല് എവടന്നാ കാശ് … ഞാൻ തന്നെ കാശില്ലാതെയിരിക്കാ വില കുറഞ്ഞത് മതിഎന്റെല് ഇണ്ടാവണ്ടെ , ഇണ്ടങ്കിലല്ലെ തരാഎന്നാ ആ ഇരിക്കണ അച്ഛമ്മടെ ചെരുപ്പിന്ന് ഒരു പഴേത് തര്യോ ?അതൊക്കെ നല്ലതാ … അതൊക്കെ നിനക്ക് തന്നാ നീ നശിപ്പിക്കും ,

പിന്നീട് ഒന്നും മിണ്ടാതെ ഞാൻ വീട്ടിലിക്ക് നടന്നു … വല്ലാത്ത സങ്കടായി എനിക്ക് ,ഇനി എന്താ ചെയ്യാ ചെരുപ്പിന് , കാലിനടിയിൽ കുപ്പിച്ചില്ല് കേറി വലിയ ഓട്ടയായി ഇരിക്കണ നേരാണ് .. എന്നും ആ കാല് വേദനയാണ് ,അങ്ങനെ തറവാടിന്റെ പുറകിലൂടെ തിരിച്ച് നടക്കുമ്പോഴാണ് അച്ഛമ്മ പറമ്പിലിടുന്ന ചെരുപ്പ് വടക്കിനിയിൽ കിടക്കണ കണ്ടത് . ഒരു നിമിഷം അതൊന്ന് നോക്കി നിന്നു പിന്നീട് ആരും കാണാതെ അതെടുത്ത് ഓടി , ഉപയോഗിച്ച് അസ്ഥി വരെ പുറത്തു വന്ന ചെരുപ്പായിരുന്നു അത് എങ്കിലും ഇടാൻ ഒരു ചെരുപ്പായല്ലോ എന്ന സന്തോഷാണ് എനിക്ക് ..പിറ്റേന്ന് എന്തോ വല്ലാത്ത കുറ്റബോധം … എങ്കിലും ഒളിച്ചു വെച്ച ചെരുപ്പിട്ട് സ്ക്കൂളിലേക്ക് നടന്നു .പക്ഷേ കട്ടതിനൊക്കെ ആയുസ്സു കുറവായിരുന്നു .ആദ്യ യാത്രയിൽത്തന്നെ അത് പൊട്ടി ..ആ തെറ്റിന്റെ കുറ്റബോധം കൊണ്ട് പിന്നിടുള്ള പല രാത്രിയും അതോർത്ത് കിടന്ന് കരഞ്ഞുദൈവം ശിക്ഷിക്കുമോ ? വലിയ തെറ്റല്ലെ ചെയ്തെ ,എന്റെ ഊഹം തെറ്റിയില്ല ദൈവം ശിക്ഷിച്ചു …അങ്ങനെ കടം വാങ്ങി എനിക്കും അമ്മക്കും കൂടി ഒരു ജോടി ചെരുപ്പ് വാങ്ങി … ഗ്രിപ്പ് ഒട്ടും ഇല്ലെങ്കിലും പുതിയ ചെരുപ്പിട്ട സന്തോഷാരുന്നു മനസ്സിൽ … നല്ല മഴയുള്ള ദിവസം , എട്ടിലെ പുതിയ ടെസ്റ്റ് ബുക്കുകിട്ടി അന്ന് .അതും എടുത്ത് വൈകീട്ട് കുട്ടുകാരുമായി സ്ക്കൂളുവിട്ട് വരുകയായിരുന്നു ഞാൻ .

നല്ല ഭാരമാണ് ബാഗിന് , പോരാത്തേന് വഴുകി പോണ ചെരുപ്പും …പെട്ടെന്ന് കാല് വഴുകി കയ്യിലെ പുസ്തകം റോഡിലും ഞാൻ കാനയിലും വീണു , ആ വീഴ്ചയിൽ ഒരു ചെരുപ്പ് കാണാതായി ,,,ഞാൻ വേഗം കാനയിൽ നിന്നെണീറ്റ് റോഡിൽ കേറി നിന്നു .. കുറേ ആൺപിള്ളാർ കൂവി കൊണ്ട് അടുത്തുകൂടെ കടന്നു പോയിഎന്താ ചെയ്യാ എന്നറിയില്ല , ചെരുപ്പ് കാനയിൽ എവിടെയും പൊന്തി കിടക്കുന്നില്ല .കാനയിൽ കയ്യിട്ട് ചെരുപ്പ് തപ്പിയാലോ ? ഞാൻ അതിനും തയ്യാറായിരുന്നു , അതാണെന്റെ അവസ്ഥ ,പെട്ടെന്ന്”നയനെ കാനയിൽ തപ്പിയാൽ ഞങ്ങൾ കൂടെ കൂട്ടില്ലാ ,, നീ ഇങ്ങു വന്നെ , ആ ചെരുപ്പ് പോട്ടെ ,,,”കണ്ണ് നിറഞ്ഞു ,,, മറ്റെ കാലിലെ ചെരുപ്പ് ഊരിയെടുത്തു ,,, കളയാൻ തോന്നിയില്ല … ബാഗിൽ എടുത്തു വെച്ചുഅമ്മയോടിനി എന്തു പറയും ..മനസ്സിലെ വേദന കൊണ്ട് വീഴ്ചയിലുണ്ടായ വേദനയൊന്നും ഞാനറിഞ്ഞില്ല .ഒറ്റ ചെരുപ്പുകാരിയായി വീണ്ടും തിരികെ നടന്നു ,,,ഇന്ന് എല്ലാം ഓർമ്മയാണ് ,,,ഇല്ലാത്തവരെ കാണുമ്പോൾ പറ്റുന്ന പോലെയൊക്കെ സഹായിക്കാൻ തോന്നുന്നതും സഹായിക്കുന്നതും ചേർത്തു പിടിക്കുന്നതും അതുകൊണ്ടാണ് ..

ഇന്നെനിക്ക് എന്തിനാണ് ക്ഷാമം ?ഒന്നിനും ഇല്ല ,,,അന്നും ആ ഒന്നൂല്ലായ്കയിലും വലുതായാൽ എഴുത്തുകാരിയാവണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് , പുസ്തകങ്ങൾ ഇറക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് .. എല്ലാ ഓർമ്മകളും കൂട്ടിക്കെട്ടിയത് ഒരു എഴുത്തുകാരി എന്ന ആഗ്രഹത്തിലേക്കാണ് , അതിലേക്ക് ഇനി കുറച്ചുനാൾ മാത്രം , എല്ലാവരും കൂടെയുണ്ടാവണം സ്നേഹത്തോടെ ……