പുതിയ ബംഗ്ലാവിലേക്ക് താമസം മാറാനൊരുങ്ങി നയന്‍താര

തെന്നിന്ത്യയില്‍ വലിയ ആരാധകരുള്ള നടിയാണ് നയന്‍താര. താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നയന്‍താരയാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍. താരം വളരെ വലിയ ആഡംബര ജീവിതമാണ് നയിക്കുന്നത്. താരത്തിന് സ്വന്തമായി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വലിയ വസതികളാണ് ഉള്ളത്. നയന്‍താരയുടെയും വിഘ്‌നേശിന്റെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹത്തിന് ശേഷം താരങ്ങള്‍ പുതിയ വീട്ടിലേക്ക് മാറുവാനുള്ള ഒരുക്കത്തിലാണ്.

ചെന്നയില്‍ പോയസ് ഗാര്‍ഡനിലുള്ള താരങ്ങളുടെ പുതിയ അയല്‍ക്കാരന്‍ സൂപ്പര്‍താരം രജനീകാന്താണ്. നയന്‍താര വിവാഹത്തിന് ഭര്‍ത്താവ് വിഘ്‌നേശ് ശിവന് സമ്മാനമായി നല്‍കിയതാണ് പുതിയ വീടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ താമസം തുടങ്ങിയിട്ടില്ലാത്ത വീടിന്റെ ഇന്റീരിയര്‍ ഡിസൈനിനും മറ്റുമായി വമ്പന്‍ തുകയാണ് നയന്‍സ് ചെലവഴിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

16500 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ വീടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വീടിനുള്ളില്‍ തിയറ്റര്‍,സ്വിമ്മിംഗ് പൂള്‍, ജിനേഷ്യം എന്നിവയുണ്ട്. ബാത്ത്‌റൂം മാത്രം 1500 സ്‌ക്വയര്‍ ഫീറ്റുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

സിനിമയില്‍ നിന്നുള്ള പ്രതിഫലത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് ബിസിനസും പരസ്യവരുമാനവും നയന്‍താരയുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ഇന്‍ഫിനിറ്റി നെറ്റ് വര്‍ത്തിന്റെ കണക്ക് പ്രകാരം 165 കോടിയാണ് നയന്‍താരയുടെ ആസ്തി. നടിയുടെ ഹൈദരാബാദിലെ വീടിനു മാത്രം ചെലവ് 15 കോടിയാണ്. ചെന്നൈയിലുള്ള രണ്ട് വീടുകളുടെയും ആകെ ചെലവ് 100 കോടിയോളം വരും. അടുത്തിടെയായി ഒരു സ്വകാര്യ ജെറ്റും നടി വാങ്ങിയിട്ടുണ്ട്.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന നയന്‍താര കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയത്തിനുള്ള പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് കോടിയോളമാണ് ഒരു സിനിമയ്ക്ക് നയന്‍താര കൈപറ്റുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കില്‍ ഇനിയും ഉയര്‍ന്നേക്കും.