തിരുമല ക്ഷേത്ര ദർശനം നടത്തി നയൻതാരയും വിഘ്നേഷും

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മലയാളത്തിൽ തുടങ്ങി തമിഴിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നടി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി തിളങ്ങി. വലിയൊരു ആരാധകവൃന്ദം തന്നെ നയൻതാരയ്ക്കുണ്ട്. സോഷ്യൽ മീഡിയകളിൽ നടി അത്ര സജീവമല്ല. എന്നാലും താരവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

ഇരുവരും ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ്. ക്ഷേത്ര ദർശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ബ്ലൂ അനാർക്കലിയായിരുന്നു നയൻതാരയുടെ വേഷം. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്.

നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ആറ് വർഷമായി പ്രണയത്തിലാണ്. നാനും റൗഡിതാൻ എന്ന വിഘ്‌നേഷ് ചിത്രത്തിൽ നായികയായി നയൻതാര എത്തിയത് മുതലാണ് ഇരുവരും പരിചയത്തിലാകുന്നത്,. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തിയിരുന്നു. ഒരു തമിഴ് ചാനലിൽ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര വിവാഹ നിശ്ചയം കഴിഞ്ഞ വിവരം വ്യക്തമാക്കിയത്. കയ്യിലുള്ളത് എൻഗേജ്‌മെന്റ് റിങ്ങാണെന്ന് അവതാരകയോട് നയൻതാര പറയുകയായിരുന്നു.