ആണി തറച്ച ബേസ് ബോള്‍ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന, മലയാളി സൈനികന്‍ പറയുന്നു

തിരുവനന്തപുരം: ഇന്ത്യ ചൈന ഏറ്റുമട്ടലില്‍ ഇന്ത്യന്‍ സൈന്യത്തോട് ചൈന നടത്തിയത് അതി ക്രൂരമായ ആക്രമണങ്ങളാണ്. ഇന്ത്യയും ശക്തമായി തന്നെ തതിരിച്ചടിച്ചു. കഴിഞ്ഞ മാസം 15 ന് ഇന്‍ഡോ ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ശത്രു പാളയത്തിലെത്തി, വിജയം കൈവരിച്ച ബിഹാര്‍ 16 റജിമെന്റിലെ ധീരയോദ്ധാക്കളില്‍ ഒരാളാണ് വെണ്‍പകല്‍ പുള്ളറക്കോണം ‘തിരുവാതിര’യില്‍, നായിക് എസ്.ശ്യാംലാല്‍(31). നാട്ടില്‍ തിരിച്ചെത്തിയ ശ്യാംലാല്‍ തനിക്ക് ചൈനീസ് സേനയില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്ന് പറയുകയാണ്. ശ്യാംലാലിന്റെ ശരീരത്തില്‍ നിറയെ ആണി തറച്ച ബേസ്‌ബോള്‍ ബാറ്റും ഇരുമ്പ് കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന ആക്രമിച്ചതിന്റെ പരുക്കുകളാണ്.

കണ്ണടച്ചാല്‍ വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകരുടെ മുഖങ്ങള്‍ മാത്രമാണ് മുന്നിലെന്ന് ശ്യാംലാല്‍ പറയുന്നു. ”ആണി തറച്ച ബേസ് ബോള്‍ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായിട്ടായിരുന്നു ചൈനീസ് സേനയുടെ ആക്രമണം. അടിച്ചും ഇടിച്ചും കല്ലെറിഞ്ഞും അവര്‍ ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്താന്‍ നോക്കി. പക്ഷേ, കയ്യില്‍ കിട്ടിയതുപയോഗിച്ച് ഞങ്ങള്‍ ശത്രുവിനെ അടിച്ചോടിച്ചു. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കില്ല ഞങ്ങള്‍…” ശ്യാംലാല്‍ അഭിമാനത്തോടെ പറഞ്ഞു.

”കഴിഞ്ഞ മാസം 15 ന് വൈകിട്ട് 5 മുതല്‍ പിറ്റേ ദിവസം 3 വരെയാണു ഏറ്റുമുട്ടലുണ്ടായത്. ഞങ്ങള്‍ 800 പേരുണ്ടായിരുന്നു. എന്ത് അത്യാഹിതം ഉണ്ടായാലും വിജയിച്ചേ മടങ്ങൂ എന്നും, ശത്രുവിനെ തുരത്തിയോടിക്കണം എന്നുമായിരുന്നു ഞങ്ങള്‍ക്കു ലഭിച്ച നിര്‍ദേശം. ഉറ്റ സഹപ്രവര്‍ത്തകര്‍ പലരും നഷ്ടമായതിന്റെ വേദനയുണ്ട്. പക്ഷേ ശത്രുവിനെ തുരത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡര്‍ കൂടിയായ കേണല്‍ സന്തോഷ് ബാബുവിന്റെയും സഹപ്രവര്‍ത്തകരുടെയും വേര്‍പാട് ഏറെ വേദനിപ്പിച്ചു. അതേക്കുറിച്ചു കൂടുതലൊന്നും പറയാനാകില്ല.’

12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരേതനായ ശശിധരന്‍ നായര്‍- കലാദേവി ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായ ശ്യാം ലാല്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷമായി ലഡാക്കിലാണ് ജോലി ചെയ്ത് വരുന്നത്. ലഡാക്കിലെ സര്‍വീസ് ജീവിതം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആയിരുന്നു ലഡാക്കില്‍ തന്നെ തുടരാന്‍ സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് ശ്യാംലാല്‍ ലഡാക്കില്‍ തന്നെ തുടരുകയായിരുന്നു.