ലഹരിമാഫിയകളെ പൂട്ടാൻ എൻസിബിയുടെ ‘നിദാൻ’ തയ്യാറായി.

ന്യൂഡൽഹി. രാജ്യത്തെ ലഹരി മാഫിയകളെ പൂട്ടാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിദാൻ വെബ് സൈറ്റ് തയ്യാറായി. രാജ്യത്തെ മുഴുവൻ ലഹരി കുറ്റവാളികളുടെയും ഡാറ്റാബേസ് ഇതിനായി സജ്ജമാക്കിക്കഴിഞ്ഞു. രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ കുറ്റവാളികളുടെ ഡാറ്റാബേസ് ആണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയിരിക്കുന്നത്.

വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡാറ്റാബേസ് രാജ്യത്തെ ലഹരിവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കാനും കൂടുതൽ കാര്യക്ഷമമായി നിറവേറ്റാനും സഹായിക്കുമെന്നാണ് എൻസിബി പറയുന്നത്. രാജ്യത്തെ ലഹരി കുറ്റവാളികളെ മൊത്തം ഒരു പോർട്ടലിൽ കൊണ്ട് വന്നിരിക്കുകയാണ്. അന്വേഷണ ഏജൻസികളുടെ മുന്നോട്ടുള്ള ചുവടു വെയ്പുകൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.

നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വികസിപ്പിച്ചെടുത്ത ഈ പോർട്ടൽ നിദാൻ (NIDAAN) എന്ന പേരിലാണ് അറിയപ്പെടുക. (നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓൺ അറസ്റ്റഡ് നാർക്കോ ഒഫൻഡേഴ്‌സ് എന്നതാണ് നിദാൻ). ജൂലൈ 30-ന് ചണ്ഡീഗഡിൽ നടന്ന ദേശീയ സമ്മേളനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരംഭിച്ച നാർക്കോട്ടിക് കോർഡിനേഷൻ മെക്കാനിസം എന്ന പോർട്ടലിന്റെ ഭാഗമാണിത്. ലഹരിക്കടത്തും ദേശീയ സുരക്ഷയും; എന്ന വിഷയത്തിലായിരുന്നു അന്ന് സമ്മേളനം സംഘടിപ്പിച്ചിരുന്നത്.

മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങൾക്കിടയിൽ പലപ്പോഴും, പൂരിപ്പിക്കാതെ കിടക്കുന്ന വസ്തുതകളെ തമ്മിൽ ബന്ധിപ്പിക്കാനും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കാനും നിദാൻ പോർട്ടൽ നിർണായകമാകും.

ലഹരി കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികൾ, ലഹരി ഉത്പന്നങ്ങളുടെ നിർമ്മാണം, വിൽപന, കൈവശം വയ്‌ക്കൽ, ഉപഭോഗം, അന്തർ സംസ്ഥാന ഇറക്കുമതി, കയറ്റുമതി എന്നിവയുമായി നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടവർ എന്നിവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നിദാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ ഏത് അനേഷണ ഏജൻസിക്കും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള ലഹരിക്കേസ് കുറ്റവാളിയെ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും നിദാൻ പോർട്ടൽ സഹായകമാകും. കുറ്റകൃത്യങ്ങളുടെ ചരിത്രം, വ്യക്തിഗത വിശദാംശങ്ങൾ, പ്രതികളുടെ വിരലടയാളങ്ങൾ, കോടതിയിലെ കേസുകൾ തുടങ്ങി ലഹരിക്കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുന്നതാണ് ഈ പോർട്ടൽ എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത.