രാജ്യത്തിൻറെ അഭിമാനം നീരജ് ചോപ്രയ്‌ക്ക് പരം വിശിഷ്ട സേവാ മെഡൽ

ടോക്കിയോ ഒളിംപിക്‌സിൽ ഇന്ത്യയ്ക്കു വേണ്ടി ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് പരം വിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കും. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ആണ് ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവിനെ ആദരിക്കുക.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ 384 പ്രതിരോധ ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ധീരതാ അവാർഡുകൾ സമ്മാനിക്കും. ഇന്ന് വൈകിട്ട് രാഷ്‌ട്രപതി ഭവനിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡ് ദാനം നടക്കുക. 12 ശൗര്യചക്ര, 29 പരം വിശിഷ്ട സേവാ മെഡൽ, നാല് ഉത്തം യുദ്ധ് സേവാ മെഡൽ, 53 അതി വിശിഷ്ട സേവാ മെഡൽ, 13 യുദ്ധ് സേവാ മെഡൽ എന്നിവയും ഇന്ന് സമ്മാനിക്കും.

ആഘോഷത്തിന് മുന്നോടിയായി രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പത്ത് പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ സമ്മാനിക്കും. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.