നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 12ാം റാങ്കുമായി കോഴിക്കോട് സ്വദേശി ആയിഷ

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എസ് ആയിഷക്ക് കേരളത്തിൽ ഒന്നാം റാങ്ക്.മൂന്ന് വർഷം നീണ്ട കഠിനാധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് എസ് ആയിഷ.കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ പി അബ്ദുൾ റസാക്കിന്റെയും ഷെമീമയുടെയും മകളാണ്.710 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ ആയിഷ കേരളത്തിൽ ഒന്നാമതാണ്.ഒബിസി വിഭാഗത്തിൽ രണ്ടാം റാങ്കും

മൂന്നു വർഷം നീണ്ട കഠിനാധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ആയിഷ. എങ്കിലും നീറ്റ് പരീക്ഷയിൽ ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആയിഷ പറയുന്നു.ഇതോടെ ഡൽഹി എയിംസിൽ ഉപരിപഠനമെന്ന ആയിഷയുടെ സ്വപ്നം യാഥാർഥ്യമാകുകയാണ്.നീറ്റിൽ ആയിഷയുടെ രണ്ടാമത്തെ ശ്രമമാണിത്. ആദ്യ പരിശ്രമത്തിൽ 15429ആയിരുന്നു റാങ്ക് അധ്യാപകരും മാതാപിതാക്കളും നൽകിയ ആത്മവിശ്വാസത്തിൽ രണ്ടാവട്ടവും ശ്രമിച്ചു.നേട്ടം 12ാം റാങ്കായി.ദിവസവും 12മുതൽ 15മണിക്കൂർ വരെ പഠിച്ചു.സമൂഹ മാധ്യമങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിന്നു

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം.കൊയിലാണ്ടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ശേഷം സ്വകാര്യ പഠനകേന്ദ്രത്തിൽ എൻട്രൻസ് കോച്ചിങ്.നീറ്റിൽ 720 ൽ 720 മാർക്കും നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.അഖിലേന്ത്യാ തലത്തിൽ ആദ്യ 50 റാങ്കിൽ ആയിഷക്ക് പുറമേ കേരളത്തിൽ നിന്ന് മൂന്നുപേർകൂടിയുണ്ട്.ലുലു എ റാങ്ക് (22),സനിഷ് അഹമ്മദ് (25),ഫിലെമോൻ കുര്യാക്കോസ് എന്നിവർ.കേരളത്തിൽ നിന്ന് ആകെ പരീക്ഷയെഴുതിയ 92,911ൽ 59,404പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു.കോവിഡ് വ്യാപനം രൂക്ഷമായിരുന്നിട്ടും 14.37ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്