കഴുത്തില്‍ 12കുത്തുകള്‍,? ഉപയോഗിച്ചത് പ്രത്യേക കത്തി: നീതുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: സംശയത്തെ തുടര്‍ന്ന് കാമുകന്‍ തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.കുത്താനുപയോഗിച്ചത് പ്രത്യേക കത്തി. കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു പ്രതി.

ചെറുതും വലുതുമായി 12ഓളം കുത്തുകളാണ് പെണ്‍കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് നിതീഷ് പെണ്‍കുട്ടിയെ കുത്തിയത്. കഴുത്തിലായിരുന്നു കൂടുതല്‍ മുറിവുകളും. ആക്രമണം തടുക്കാന്‍ ശ്രമിച്ചതിനിടയില്‍ കൈകളിലും മുറിവേറ്റിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. നീതുവിന്റെ ശരീരത്തില്‍ 60% പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു കൊലപാതകം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വ്യക്തിയുമായി പ്രണയം ഉണ്ടെന്ന സംശത്തിലാണ് പ്രതി നീതുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി. കത്തിയും,? പെട്രോളും,? വിഷവുമായി കൃത്യമായ പ്ലാനോടെയാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ എത്തിയത്.

കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു.