ജോളിയില്‍ പശ്ചാത്താപത്തിന്‍റേതായ ഒരു ലക്ഷണവും കണ്ടില്ല ; അയല്‍വാസി

തെളിവെടുപ്പിനായി കൊണ്ടുവന്ന ഒന്നാം പ്രതി ജോളിയില്‍ പശ്ചാത്താപത്തിന്‍റേതായ ഒരു ലക്ഷണവും കണ്ടില്ലെന്ന് പൊന്നാമറ്റം തറവാട്ടിലെ അയല്‍വാസിയായ ബാവ. തെളിവെടുപ്പുവേളയില്‍ പ്രതികള്‍ക്കും അന്വേഷണസംഘത്തിനും പുറമേ ബാവയെ മാത്രമാണ് പൊന്നാമറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചത്.

പൊന്നാമറ്റത്തു നിന്ന് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ പറഞ്ഞു. ആദ്യം മുതല്‍ പരാതിക്കാരായ റോജോക്കും റെഞ്ചിക്കും പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്ന വ്യക്തി കൂടിയാണ് അയല്‍വാസിയായ ബാവ.

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം മഞ്ചാടി മാത്യുവിന്‍റെ വീട്ടിലേക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ നിന്ന് ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തുള്ള വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. ഷാജുവിന്‍റെ മുന്‍ഭാര്യ സിലി കുഴഞ്ഞുവീണ ദന്താശുപത്രിയിലേക്കും പ്രതികളെ എത്തിക്കുമെന്നാണ് വിവരം.