ആണെന്നാല്‍ മുണ്ട് മടക്കികുത്തി മീശ പിരിച്ച് നൂറ് പേരെ ഇടിച്ച് തെറിപ്പിച്ച് നടക്കു ഹീറോ മാത്രമല്ല, കരയുന്ന, കണ്ണ് നിറയുന്ന ആളുകൂടിയാണ്

സ്ത്രീക്കും പുരുഷനും ചില കാര്യങ്ങള്‍ സമൂഹം കല്‍പിച്ച് കൊടുത്തിട്ടുണ്ട്. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് സ്ത്രീ, പുരുഷന്മാര്‍ ആയാല്‍ കരയാന്‍ പാടില്ല. എന്നിങ്ങനെ പല പല വിശ്വാസങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒക്കെയാണോ കാര്യങ്ങള്‍. ഇപ്പോള്‍ ലോക പുരുഷദിനത്തോട് അനുബന്ധിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.

ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്, അയ്യേ, ആങ്കുട്ടികള് കരയുവോ? കരയും…നല്ല ഒന്നാന്തരമായിട്ട് കരയും. അതിനിപ്പൊ ഏത് കല്ലും അലിയിക്കുന്ന ദാരുണമായ സംഭവങ്ങളൊന്നും നടക്കണോന്നില്ല. അഞ്ച് വര്‍ഷം പഠിച്ച കൂട്ടുകാരെ വിട്ട് പോവാന്‍ നില്‍ക്കുന്ന അവസാന ദിവസം മസില് പിടിക്കുന്നുണ്ടെന്ന് പുറത്ത് കാണിച്ചാലും കണ്ണൊന്ന് നനയും. കരട് പോയ പോലെ തുടയ്ക്കും. നല്ലൊരു സിനിമയില്‍ ഹൃദയത്തില്‍ തൊടുന്നൊരു സീനില്‍ ചിലപ്പൊ സങ്കടം കൊണ്ടും ചിലപ്പൊ സന്തോഷം കൊണ്ടും ആണുങ്ങടെ കണ്ണും നിറയും. തിയറ്ററിലെ ഇരുട്ടില്‍ ആരും കണ്ടില്ലെന്ന് ആശ്വസിക്കും. ഒന്ന് പൊട്ടിക്കരയേണ്ട സന്ദര്‍ഭങ്ങളില്‍ അതിനു പോലും അനുവദിക്കാതിരിക്കാന്‍ ഏതോ ഒരു പമ്പരവിഡ്ഢി ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് ആണുങ്ങള്‍ കരയാറില്ലെന്ന ഭൂലോക വിഡ്ഢിത്തം.ഇന്ന് ലോക പുരുഷ ദിനമാണ്.എല്ലാ ദിവസവും ആണുങ്ങടെയല്ലേ, എന്തിനാണ് ആണുങ്ങള്‍ക്കായി പിന്നെ ഒരു ദിവസം എന്ന് ചിലപ്പൊ ചിലര്‍ക്കെങ്കിലും ചോദിക്കാന്‍ തോന്നിയേക്കാം.

വെള്ളമടിച്ച് കോണ്‍ തെറ്റി പാതിരായ്ക്ക് വീട്ടില്‍ വന്ന് കയറുമ്പൊ ചുമ്മാ കാലു മടക്കി തൊഴിക്കാന്‍ കൂട്ടിനു പെണ്ണിനെ വിളിക്കുന്ന ഇന്ദുചൂഡന്മാരും മുണ്ടു മടക്കിക്കുത്തി മീശ മുറുക്കി മാസ് കാണിക്കുന്ന ജഗന്നാഥന്മാരും മംഗലശേരി നീലകണ്ഠന്‍മാരും അടങ്ങുന്ന ആല്‍ഫാ മെയില്‍ സങ്കല്പങ്ങള്‍ മാത്രമാണ് ആണ് എന്ന മിഥ്യാ ധാരണ മനസില്‍ വച്ചുകൊണ്ട് നടക്കുന്നതുകൊണ്ടുകൂടിയാണ് ആ സംശയമങ്ങനെ മനസില്‍ തോന്നുന്നത്.. പെണ്ണ് സര്‍വം സഹയാണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ എന്റര്‍ടെയിന്മെന്റുകളുടെ മറുവശത്ത് അതേപോലെതന്നെ ദോഷഫലമനുഭവിക്കുന്നവരാണ് ആല്‍ഫാ മെയില്‍ ആവാന്‍ പറ്റാതെ പോവുന്ന ആണുങ്ങളും..ആ വരച്ച വര വിട്ടൊന്ന് മാറി നടക്കുന്ന ആണുങ്ങളൊക്കെത്തന്നെ സമൂഹത്തിന്റെ, പാട്രിയാര്‍ക്കിയുടെ ആക്രമണം നേരിടുന്നത് കാണാം. മീശ മുളച്ചു തുടങ്ങേണ്ട പ്രായത്തില്‍ സമപ്രായക്കാരെക്കാള്‍ അല്പം പിന്നിലായിപ്പോയാല്‍ തുടങ്ങും ബുള്ളിയിങ്ങ്. മീശയോ മസിലോ ഇല്ലാത്തവരെ ചിലപ്പൊ ആണാണോയെന്ന് പരിശോധിക്കാന്‍ മുതിരുന്ന ആക്രമണങ്ങള്‍ അപകര്‍ഷതകളിലേക്കെത്തിക്കുന്നിടം വരെ…

കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍, പ്രത്യേകിച്ച് സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ പുരുഷന്റെ തലയില്‍ എടുത്ത് വച്ചുകൊടുക്കാന്‍ സമൂഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ‘ ഓ, അവനൊരു കഴിവുകെട്ടവനായകൊണ്ടാ ‘ എന്നല്ലേ പറഞ്ഞുകേള്‍ക്കാറുള്ളത്? അവിടെ ചുക്കാന്‍ പിടിക്കാന്‍ കഴിവുള്ളത് അവള്‍ക്കായിരിക്കും ചിലപ്പൊ. അതിനെ നൈസായിട്ട് ‘ പെണ്ണ് കുടുംബം പോറ്റേണ്ട അവസ്ഥ ഇവിടില്ല ‘ എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്യും..അവന് മറ്റ് കഴിവുകളാവും ചിലപ്പൊ ഉണ്ടായിരിക്കുക…എന്നാലുമവനെ കഴിവുകെട്ടവനുമാക്കും.. ഇനി ഇതെല്ലാം മറികടന്ന് സ്ത്രീ ജോലിക്ക് പോവുകയും പുരുഷന്‍ കുടുംബം നോക്കുകയും ചെയ്‌തെന്ന് തന്നെ ഇരിക്കട്ടെ. അവര്‍, അവരുടെ ജീവിതം എന്ന് കരുതി വഴിക്ക് വിടുകയല്ല, പെണ്ണുണ്ണി, പെണ്‍കോന്തന്‍, പാവാട, പാവാടച്ചരട്…എക്‌സട്രാ… ഒരു പ്രത്യേകതരം പുരോഗമന സമൂഹമാണ്..അവള്‍ ആക്രമണം നേരിടാന്‍ ഇടയുണ്ടെന്നത് നമ്മുടെ മനസിലുള്ളതുകൊണ്ട് അവളെ കൂടുതല്‍ ശ്രദ്ധിക്കും. എന്നാല്‍ അതേപോലെ വള്‍നറബിളാണ് ആണ്‍കുട്ടികളും എന്നത് നമ്മുടെ മനസിലൂടെ ചിലപ്പൊ കടന്നുപോയെന്നിരിക്കില്ല.

ഒരു ആണ് ഗാര്‍ഹികപീഢനത്തിനിരയായെന്ന് കേള്‍ക്കുന്നത്, അല്ലെങ്കില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് കേള്‍ക്കുന്നത് ഒക്കെ ആലോചിക്കാന്‍ അല്ലെങ്കില്‍ സങ്കല്പിക്കാന്‍ പോലും പ്രയാസം തോന്നുന്നത് മറ്റൊരു ഉദാഹരണം. അതുകൊണ്ടുതന്നെ മുന്നോട്ട് വരാന്‍ കഴിയാതെയോ പങ്കുവയ്ക്കാന്‍ കഴിയാതെയോ അവയുടെ ഇരകള്‍ അനുഭവിക്കുന്ന സംഘര്‍ഷം വലുതാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യവും പ്രത്യേകം എടുത്ത് പറയണം. ഗേ ആണെന്ന് സ്വയം ഐഡന്റിഫൈ ചെയ്താലും, താല്പര്യമില്ലെങ്കില്‍പ്പോലും വിവാഹാലോചനയുമായി മുന്നോട്ട് പോവേണ്ടിവരുന്നവരുടെ കാര്യമടക്കം.. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ജോലിക്കായി ദൂരദേശങ്ങളിലും മറ്റും പോകേണ്ടിവരികയും പുരുഷനാണ്. അച്ഛനുണ്ടെങ്കിലും ഇല്ലാത്തതുപോലെ കഴിയേണ്ടിവരുന്ന മക്കളുടെ കാര്യവും ആലോചിക്കേണ്ടതുണ്ടല്ലോ.. ഇവയുടെയെല്ലാം ആകെത്തുകയായുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളുടെ അവസാനം ചെന്നുനില്‍ക്കുന്നത് ചിലപ്പോഴെങ്കിലും ആത്മഹത്യയിലുമാവും.. പണ്ട് കമ്മീഷണറെന്ന സിനിമയില്‍ ഭരത് ചന്ദ്രന്‍ സമയം കിട്ടുമ്പൊ ആണെന്ന വാക്കിന്റെ അര്‍ഥമെന്താണെന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്കാന്‍ അച്ചാമ്മ വര്‍ഗീസിന്റെ ഭര്‍ത്താവിനോട് പറയുന്നുണ്ട്… ആണ് എന്ന വാക്കിന്റെ അര്‍ഥം മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് നൂറ് പേരെ ഇടിച്ച് തെറിപ്പിച്ച് നടക്കുന്ന ഹീറോയെന്ന് മാത്രമല്ല.. പേടിയുള്ള, ടെന്‍ഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന ആളുകളെന്നുകൂടിയാണ്.