പട്ടിക്ക് യാത്ര ചെയ്യാൻ പുത്തൻ എ.സി കാർ, പരിശോധിച്ച് ഉറപ്പുവരുത്താൻ ലൈക്ക

ചെറുതോണി : വിവാദങ്ങൾ ഏറെ വരുമ്പോൾ കേരളാ പോലീസ് നായ്ക്കൾക്ക് യാത്ര ചെയ്യാൻ പുതിയ എ.സി കാർ വാങ്ങി. ചൂട് കൂടുന്ന സാഹചര്യത്തിൽ ഇനി പോലീസുകാർക്ക് മാത്രം അല്ല പോലീസ് നായകൾക്കും യാത്ര ചെയ്യാൻ എ.സി കാർ… അതും പുതിയത് ആയിരിക്കും. ഇതിന്റെ ഭാഗമായി ഇടുക്കി ഡോഗ് സ്ക്വാഡിന് പുതിയ എയർ കണ്ടീഷൻ കാർ എത്തി കഴിഞ്ഞു.

വാഹനത്തിന്റെ കാര്യ ക്ഷമതയും, സൗകര്യങ്ങളും ഒക്കെ പരിശോധിച്ച് ഉറപ്പു വരുത്തിയത് ലൈക്കയാണ്‌. വാഹനം എത്തിയ ശേഷം പരിശീലകൻ അത് ലൈക്കക്ക് പരിശോധനക്കും ആദ്യ സവാരിക്കും ആയി കൈമാറുകയായിരുന്നു. ഇതു പറയുമ്പോൾ ലൈക്ക വനിതാ പോലീസുകാരി എന്ന് തെറ്റിദ്ധരിക്കരുത്. അത് പട്ടിയാണ്‌. ലൈക്ക പട്ടിയാണ്‌ പട്ടികളുടെ പുതിയ എ.സി കാർ പരിശോധിക്കാൻ നിയോഗിതയായത്. ഡ്രൈവർ അഭിലാഷിനൊപ്പം ലൈക്ക ആദ്യ സവാരി നടത്തി. പുറത്തേ കത്തിയുരുകുന്ന ചൂടിൽ നിന്നും കൂൾ വാഹനത്തിലേക്ക് കയറി നല്ല ഗമയിൽ തന്നെ ലൈക്ക് ഇരുന്നു. എല്ലാം ഒന്നു വീക്ഷിച്ചു. പിന്നെ ഒരു ചെറു സവാരി. ഇതെല്ലാം നോക്കി മറ്റ് ശ്വാന സംഘം സ്റ്റെഫിയും ജനിയും എക്സ്പ്ലോസീവ് സ്നിഫർ ഇനത്തിൽ പെട്ട വിദഗ്ധനായ നായ ചന്തുവും ഒക്കെ പുറത്ത് നിന്നു. ലൈക്കക്ക് ഒകെ ആയാൽ ഞങ്ങൾക്കും ഒകെ എന്ന മട്ടിലായിരുന്നു ഡ്വാഗ് സ്ക്വാഡിലേ മറ്റ് പട്ടികൾ.

2 മണിക്കൂർ സമയമായിരുന്നു ലൈക്കയുടെ പുതിയ ശീതീകരിച്ച വാഹനത്തിലെ യാത്ര. യാത്ര കഴിഞ്ഞ് വന്ന് ലൈക്ക് നല്ല ഉഷാറായി പുറത്തേ ചൂടിലേക്ക് ചാടിയിറങ്ങി. പിന്നെ പുത്തൻ വണ്ടിയുടെ മുൻ ഭാഗമൊക്കെ നോക്കി പരിശോധിച്ച് മുന്നിൽ കുത്തിയിരുന്നു.

കേരളാ പോലീസിൽ ഇതുവരെ പോലീസ് നായകൾ സാധാരണ ജീപ്പിലും വണ്ടിയിലും ആയിരുന്നു യാത്ര. പോലീസിൽ ഇപ്പോൾ ഫണ്ട് ധാരാളം ആണ്‌. അടി മുടി നവീകരണവും പരിഷ്കരണവും നടത്തുമ്പോൾ എന്തുനു പട്ടികളുടെ മാത്രം ക്ഷേമം മാറ്റിവയ്ക്കണം.കടുത്ത വേനലിൽ പട്ടികൾക്ക് ചൂട് അടിക്കുന്നതും ക്ഷീണം ഉണ്ടാകുന്നതും ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലയിലും ഇനി ഇത്തരത്തിൽ പുതിയ എ.സി കാറുകൾ പട്ടികൾക്കായി വരാൻ പോവുകയാണ്‌.

എന്നാൽ ഈ ധാരാളിത്വത്തിനെല്ലാം ഇടയില്പെട്ട് ഉഴലുന്ന മനുഷ്യരായ സാദാ പോലീസുകാരുണ്ട്. പ്രത്യേകിച്ച് ക്യാമ്പിൽ ഉള്ള പോലീസുകാർ. നാട്ടിൽ എവിടെ വിഷയം ഉണ്ടായാലും, മന്ത്രിമാർ വന്നാലും , മുഖ്യൻ വന്നാലും എല്ലാം ഇവർക്കാണ്‌ പണി. പൊരിവെയിലിൽ കാവലും ഡ്യൂട്ടിയും ഇവർക്കായിരിക്കും. ഇവർ പോകുന്നത് ഇപ്പോഴും പഴയ ഇടിവണ്ടി ബസിൽ. വേനലിൽ ബസിന്റെ പുറത്ത് പിടിപ്പിച്ച കമ്പി വലയും ഉരുകി പഴുക്കുന്നതോടെ ഉള്ളിലേക്ക് അടിക്കുന്നത് തീക്കാറ്റായിരിക്കും. മാത്രമല്ല ഉണ്ടാനും ഉറങ്ങാനും പോലും ഡ്യൂട്ടിയിൽ പലപ്പോഴും ആകില്ല. മനുഷ്യരായ പോലീസുകാർക്ക് കിട്ടാത്ത ഭാദ്യവും അവസരവും ഇപ്പോൾ പോലീസിൽ നായകൾക്കാണ്‌ ലഭിക്കുന്നത്.