ഓസ്ട്രേലിയയില്‍ കാര്‍ അപകടം: മലയാളികളായ നവദമ്പതിമാര്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ മലയാളികളായ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 28-ന് വിവാഹിതരായി ഓസ്‌ട്രേലിയയ്ക്ക് പോയ ദ നവദമ്പതിമാര്‍ണ് കാറപകടത്തില്‍ മരിച്ചത്.

തുരുത്തിപ്ലി തോമ്പ്ര ടിഎ മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി മാത്യു (30), ഭാര്യ നിനു ആല്‍ബിന്‍ (28) എന്നിവരാണ് മരിച്ചത്. വിധി രണ്ട് പേരെയും തട്ടിയെടുത്തത് മധുവിധു തീരും മുന്‍പേയായിരുന്നു. യാത്ര പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയവരുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ഞെട്ടിച്ചു.

ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45ന് (ഇന്ത്യന്‍ സമയം രാവിലെ ഏഴിന്) ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം. ഇടിച്ച ഉടനെ റോഡില്‍ നിന്നു മറിഞ്ഞ് തീപിടിച്ചു. കാര്‍ കത്തിയ നിലയിലായിരുന്നുവെന്ന് ഒറാന മിഡ്‌വെസ്റ്റേന്‍ ജില്ലാ പോലീസ് ബന്ധുക്കളെ അറിയിച്ചു. ക്വീന്‍സ്ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് പോലീസെത്തി തീയണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തികരിഞ്ഞിരുന്നു. പുതിയതായി വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്ബോഴായിരുന്നു അപകടമെന്നു ബന്ധുക്കള്‍ പറയുന്നു. ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നിനു. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്‌സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നഴ്‌സാണ് നിനു.