ദമ്പതികള്‍ക്ക് 72,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദമ്പതികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക കൂട്ടി നല്‍കുന്ന പദ്ധതിയുമായി മോദി സര്‍ക്കാര്‍. ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നതിനായി ദമ്പതികള്‍ 30 വയസു മുതല്‍ മാസം 100 രൂപ വെച്ച് അടയ്ക്കണം. പ്രധാനമന്ത്രി ശ്രം യോഗി മാന്ദന്‍ എന്നാണ് പദ്ധതിയുടെ പേര്.

പുതിയ പദ്ധതിയില്‍ അംഗമാകുന്നതിനായി ആധാറും സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ ജന്‍ധന്‍ അക്കൗണ്ടോ മാത്രം മതിയാകും. മിനിറ്റുകള്‍ കൊണ്ട് തന്നെ ഒരാള്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ കഴിയും. അംഗമാകുന്നവരുടെ പ്രായം അനുസരിച്ച് മാസം 55 രൂപ മുതല്‍ 200 രൂപ വരെ അടവ് വരുന്ന ക്രമത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

പദ്ധതിയില്‍ അംഗമായതിന് ശേഷം 60 വയസ് തികഞ്ഞാല്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഭാര്യയും ഭര്‍ത്താവും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായാല്‍ 6,000 രൂപ പ്രതിമാസം പെന്‍ഷനായി ലഭിക്കുന്നതാണ്. ദമ്പതികളില്‍ ഒരാള്‍ മരിച്ചാല്‍, പങ്കാളിക്ക് 4,500 രൂപ പ്രതിമാസം ലഭിക്കുന്നതാണ്. 18നും 40നും ഇടയില്‍ പ്രായമുളള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം, ഇവരുടെ മാസ വരുമാനം 15,000 രൂപയില്‍ താഴെയായിരിക്കണം എന്നു മാത്രം.