പ്രഭാഷകൻ സക്കീർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത, ഇന്ത്യ കസ്റ്റഡിയിലേടുത്തേക്കും

ഇസ്ലാമിക മത പ്രഭാഷകൻ സക്കീർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മാർച്ച് 23 ന് ഒമാൻ സന്ദർശനത്തിനിടെ സക്കീർ നായിക്കിനെ കസ്റ്റഡിയിലെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ ഇസ്ലാമിക പ്രഭാഷകനായ സക്കീർ നായിക് 2017 മുതൽ മലേഷ്യയിൽ താമസിക്കുകയാണ്. ഒമാനിലെ അവ് ഫാക് മതകാര്യ മന്ത്രാലയമാണ് റമദാനോടനുബന്ധിച്ച് മാർച്ച് 23ന് ഖുറാൻ ഒരു ആഗോള ആവശ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുക. രണ്ടാമത്തെ പ്രഭാഷണം മാർച്ച് 25നാണ്. സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിൽ പ്രവാചകൻ മനുഷ്യരാശിയ്ക്കുള്ള ദയവായ്പ് എന്ന വിഷയത്തിലാണ് ഈ ചർച്ച.

ഇതിനു പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കാനും ഇന്ത്യയിലേക്ക് നാടുകടത്താനും പ്രാദേശിക ഇന്ത്യൻ എംബസി ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തടങ്കലിനുശേഷം തുടർനടപടികൾക്കായി ഇന്ത്യ നിയമസംഘത്തെ അയയ്‌ക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം ഒമാനി അംബാസഡറെ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ചതിനെത്തുടർന്ന് സക്കീർ നായിക് 2016 ൽ ഇന്ത്യ വിട്ടിരുന്നു . ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെയും തീവ്രവാദികളെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസും സക്കീർ നായിക്കിനെതിരെയുണ്ട് .

2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സക്കീർ നായിക്കിനെ വിലക്കിയിരുന്നു. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ സാക്കീർ നായിക്കിന്റെ പീസ് ടിവി നെറ്റ്‌വർക്കും നിരോധിച്ചു.2022-ലെ മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ്, സക്കീർ നായിക്കിന്റെ വീഡിയോകൾ തന്നെ സ്വാധീനിക്കുകയും തീവ്രവാദിയാക്കുകയും ചെയ്‌തതായി പറഞ്ഞിരുന്നു.

നേരത്തെ ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിൽ മതപ്രഭാഷണത്തിന് സക്കീർ നായിക്ക് എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷപ്രസംഗം എന്നിവയുടെ പേരിലാണ് ഇന്ത്യ സക്കീർ നായിക്കിനെ തേടുന്നത്. 2017ൽ ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ട സക്കീർ നായിക്ക് അഭയാർത്ഥിയായി മലേഷ്യയിൽ കഴിയുകയാണ്.