സ്വപ്‌നയെ പിടികൂടാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്ന് എന്‍ഐഎയുടെ നീക്കം, നിര്‍ദേശം ലഭിച്ചത് ഡല്‍ഹിയില്‍ നിന്നും

തിരുവനന്തപുരം: മറ്റു കേസുകള്‍ക്ക് ഉണ്ടാകുന്ന കാലതാമസം ഉണ്ടാവാതെ വ്യക്തവും കൃത്യവുമായ നീക്കമാണ് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എന്‍ഐഎ സ്വീകരിച്ചത്. തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുത്തതും മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്തതു.

ഡല്‍ഹിയില്‍ നിന്നും ദേശീയ അന്വേഷണ സംഘത്തിന് വ്യക്തമായ നിര്‍ദേശം ലഭിച്ചിരുന്നു. ഒരു കൂടിയാലോചനയ്ക്കും കാത്തു നില്‍ക്കാതെ വളരെ പെട്ടെന്ന് നീങ്ങാനായിരുന്നു ലഭിച്ച നിര്‍ദേശം. സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എന്‍ഐഎ പ്രതികളെ ബംഗളൂരുവില്‍ നിന്നും പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലിനില്‍ക്കെ സ്വപ്‌നയും സംഘം രക്ഷപ്പെട്ടത് എങ്ങനെയെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് മറ്റ് ജില്ലകളില്‍ അതിവേഗം എത്താന്‍ കഴിയാത്തതിനാല്‍ കസ്റ്റംസിന്റെ സഹായം തേടുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്. കൊച്ചിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഐഎ യോഗത്തില്‍ പരമാവധി തെളിവുകള്‍ അതി വേഗം ശേഖരിക്കാന്‍ ആയിരുന്നു തീരുമാനം. മാത്രമല്ല സെക്രട്ടറിയേറ്റിലെയും നിയമസഭയിലെയും സിസി ടിവി ദൃശ്യങ്ങള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. നീക്കം ചെയ്‌തെങ്കില്‍ ഇവ വീണ്ടെടുക്കാനുള്ള വിദഗ്ധരും എന്‍ഐഎയുടെ പക്കലുണ്ട്.

പൊതുവെ സംസ്ഥാനം അന്വേഷിക്കുന്ന കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറുന്ന സമയം കേസ് ഡയറിയും മറ്റും വൈകിയാണ് എന്‍ഐഎയ്ക്ക് കൈമാറാറുള്ളത്. അതിനാല്‍ തന്നെ അന്വേഷണം വൈകുകയും ചെയ്യും. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് കസ്റ്റംസില്‍ നിന്നും അതിവേഗം എന്‍ഐഎയ്ക്ക് ഏറ്റെടുക്കാനായി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സംസ്ഥാന പൊലീസ് കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കി കാത്തിരിക്കാറാണു പതിവ്. എന്നാല്‍ എന്‍ഐഎ ഈ കീഴ്‌വഴക്കവും മറികടന്നു. യുഎപിഎ അനുസരിച്ചു കേസെടുത്തതിനാല്‍ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്.