മരിച്ചെങ്കിലും നിക്കോളാസ് ജീവിക്കും മറ്റുള്ളവരിലൂടെ

റോമില്‍ വെച്ചുണ്ടായ കാറപകടത്തിലാണ് മരണപ്പെട്ട് 21 കാരനായ നിക്കോളാസ് മറ്റുള്ളവരിലൂടെ ജീവിക്കും. നിക്കോളാസിന്റെ ശരീരത്തിലെ അപകടത്തില്‍ പരുക്കേറ്റ ഇടതു കണ്ണും തലച്ചോറും ഒഴികെ മസിലും അസ്ഥിയും പേശികളും ഉല്‍പ്പെടെ എല്ലാ അവയവങ്ങളും ദാനം ചെയ്യും. മരിച്ച ആളുടെ എല്ലാ അവയവങ്ങളും കേരളത്തില്‍ ദാനം ചെയ്യാറില്ല. എറണാകുളം സ്വദേശിയുടേയും കോട്ടയംകാരിയുടേയും മകനായ നിക്കോളസ് കണ്ടത്തിപ്പറമ്പില്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം റോമിലായിരുന്നു. നെതര്‍ലണ്ടില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന നിക്കോള്‍സ് അവധിയില്‍ റോമിലെത്തിയപ്പോഴായിരുന്നു അപകടം. ഫെബ്രുവരി രണ്ടിന് അപകടത്തെ തുടര്‍ന്ന് ഒമ്പതിന് നിക്കോളാസ് മരിച്ചു. ഏഴ് വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് വിടുതല്‍ നേടും മുന്‍പേ മകനെയും മരണം വിളിച്ചെങ്കിലും ആ അമ്മ തളര്‍ന്നില്ല. ഇറ്റലിയിലെ ആശുപത്രിയില്‍ ഹെഡ് നഴ്സായ മേരി മകന്റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കി. നിക്കോളാസിന്റെ ശരീരത്തില്‍ നിന്നും മുറിച്ചെടുത്ത് ഈ അവയവങ്ങള്‍ ഹെലികോപ്റ്ററിലും ആംബുലന്‍സുകളിലുമായി പല ആശുപത്രികളിലേക്കു കൊണ്ടുപോകുമ്പോള്‍ അമ്മ മേരിയും ഡിഗ്രി വിദ്യാര്‍ഥിയായ സഹോദരി സ്റ്റെഫാനിയും നിറകണ്ണുകളോടെ നോക്കിനിന്നു. മേരിയുടെ സഹോദരി, ഇറ്റലിയില്‍ നഴ്സായ റോസിയാണ് ഇവര്‍ക്ക് താങ്ങായി കൂടെയുള്ളത്.

നിക്കോളാസിന് റോമാ ക്ലബ്ബും അവരുടെ വിഖ്യാത താരം ഫ്രാന്‍സിസ്‌കോ ടോട്ടിയും ജീവനായിരുന്നു. അഞ്ചാം ക്ലാസുവരെ റോമിലായിരുന്നു നിക്കിയുടെ പഠനം. അക്കാലത്ത് റോമാ ക്ലബ്ബില്‍ ഉണ്ടായിരുന്നു. അവിടെ തകര്‍ത്തുകളിച്ചിട്ടാണ് ആറാം ക്ലാസിലേക്ക് കേരളത്തിലേക്ക് വരുന്നത്. കോട്ടയത്ത് കട്ടച്ചിറ മേരിമൗണ്ട് സ്‌കൂളില്‍. പ്ലസ്ടു കഴിഞ്ഞ് വീണ്ടും റോമിലേക്ക് മടങ്ങി. പിന്നെ ക്ലബ്ബിന്റെ ഒറ്റക്കളിയും വിട്ടില്ല. അതിനിടെയാണ് ദുരന്തമെത്തിയത്.

നിക്കോളാസ് ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നുവെന്ന് മേരിയുടെ സഹോദരി റോസി വീഡര്‍ പറഞ്ഞു. ”പന്തുകളി അവന്റെ ചോരയിലുണ്ടായിരുന്നു. ഫുട്ബോളിനെക്കുറിച്ച് അവനറിയാത്ത കാര്യങ്ങളില്ല. ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു. അവരാണിപ്പോള്‍ അവന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ആലോചിക്കുന്നത്”. അഞ്ചു ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നിക്കോളാസിന്റെ മൃതദേഹം വെള്ളിയാഴ്ച റോമില്‍ സംസ്‌കരിക്കും. പ്രിയപ്പെട്ട ഫ്രാന്‍സിസ്‌കോ ടോട്ടി കൈയൊപ്പ് ചാര്‍ത്തിയ റോമയുടെ മെറൂണ്‍ ജേഴ്സി അണിഞ്ഞാണ് അന്ത്യയാത്ര.

എ.എസ് റോമയുടെ ഇന്ത്യന്‍ ഫാന്‍ പേജും നിക്കോള്‍സിന് ആദരം രേഖപ്പെടുത്തിയിട്ടുണ്ട്. എ.എസ് റോമയുടെ ഇന്ത്യന്‍ ഫാന്‍ ക്ലബില്‍ അടക്കം സജീവ സാന്നിധ്യമായിരുന്നു നിക്കോള്‍സും ബന്ധുവായ ജെറിയും. എ.എസ് റോമയുടെ പരമാവധി കളികള്‍ നേരിട്ട് കണ്ടിരുന്ന നിക്കോള്‍സിന്റെ ഏറ്റവും പ്രിയ കളിക്കാരന്‍ ഫ്രാന്‍സിസ്‌കോ ടോട്ടിയായിരുന്നു. മണിക്കൂറുകളോളം ഫുട്ബോളിനെക്കുറിച്ച് സംസാരിച്ചാലും ഞങ്ങള്‍ക്ക് മതിയാവില്ലായിരുന്നുവെന്നാണ് ജെറി പിന്നീട് പറഞ്ഞത്. കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളം നിക്കോള്‍സ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കിടന്നിരുന്നു. മരണത്തോട് മല്ലടിച്ച് നിക്കോള്‍സ് കിടക്കുമ്പോള്‍ എ.എസ് റോമയുടെ കളിക്കാര്‍ അടക്കം എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന സന്ദേശങ്ങള്‍ അയച്ചിരുന്നു.