പബ്ബുകള്‍ക്ക് പിന്നാലെ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും; പിണറായി വിജയന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് പബ്ബുകള്‍ക്ക് പിന്നാലെ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും നിര്‍മ്മിക്കാ നൊരുങ്ങി സര്‍ക്കാര്‍. നൈറ്റ് ലൈഫിന് പറ്റിയ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനനന്തപുരം, ടെക്നോപാര്‍ക്ക് പോലെ കേരളത്തിലെ ചില സ്ഥലങ്ങള്‍ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണ്. അവിടെ ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കും. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഐടി മേഖലയില്‍ രാത്രി വൈകുവോളം ജോലി ചെയ്യുന്നവര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തില്‍ ഇല്ലെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യാന്‍ പുതിയ തല മുറ മടിക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്ത് രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മുഖ്യ മന്ത്രി വ്യക്തമാക്കി. ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കും.

ഐടി വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച്‌ സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുമെന്ന് നേരത്തേ നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. അടുത്ത മദ്യ നയത്തില്‍ ഇതോടൊപ്പം ഡ്രൈ ഡേ ഒഴിവാക്കുമെന്ന് സൂചനയുണ്ട്. ഉല്ലാസ കേന്ദ്രങ്ങള്‍ കൂടി നിലവില്‍ വരുന്നതോടെ കേരളത്തിലും രാത്രികള്‍ കൂടുതല്‍ ചെറുപ്പമുള്ളതാകും.

പബ്ബുകള്‍ തുടങ്ങുന്നതിനോട് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു .എന്നാല്‍ നടപ്പാക്കുന്നതിന് മുമ്ബ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കു. പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഠനത്തിന്റെ ആവശ്യമില്ല . പബ്ബ് തുടങ്ങുന്ന കാര്യത്തില്‍ മറ്റ് നടപടികളിലേയ്ക്ക് പോയിട്ടില്ല . പഴവര്‍ഗ്ഗങ്ങളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാര്‍ഷിക സര്‍വകലാശാല റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പഠിച്ച്‌ വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉല്ലാസ കേന്ദ്രങ്ങളിലെ പ്രഖ്യാപനം.

ടൂറിസം വളരാന്‍ ‘നൈറ്റ് ലൈഫ്’ വേണമെന്നു പറഞ്ഞാല്‍ കോലാഹലമാകും; പക്ഷേ, സമ്ബദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ശക്തിയായി വിനോദസഞ്ചാരമേഖല മാറണമെങ്കില്‍ പകലെന്നപോലെ രാത്രിയും ഷോപ്പിങ്ങിനു സൗകര്യമുണ്ടാവണം കേന്ദ്ര ടൂറിസം മന്ത്രിയായിരിക്കെ അല്‍ഫോന്‍സ് കണ്ണന്താനവും ഈ നിര്‍ദ്ദേശം മുമ്ബോട്ട് വച്ചിരുന്നു. സ്മാരകങ്ങള്‍ രാത്രിയും പ്രവര്‍ത്തിക്കണമെന്നും രാത്രി വിനോദം ടൂറിസം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

മൂന്നുവര്‍ഷത്തിനകം സഞ്ചാരികളുടെ സംഖ്യയും വരുമാനവും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു രാത്രി ജീവിതത്തിന്റെ സാധ്യതകള്‍ കേരളവും ആലോചിക്കുന്നത്. ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഈ സാധ്യത തിരിച്ചറിഞ്ഞു നേട്ടമുണ്ടാക്കുന്നു.