സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തെ ശക്തമാക്കും- ധനമന്ത്രി

സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി വിശദ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വാശ്രയ ഭാരതത്തെ കെട്ടിപടുക്കാനാണ് ഈ സാമ്പത്തിക പാക്കേജ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്‌തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇൗടില്ലാതെ മൂന്നുലക്ഷം കോടിരൂപയുടെ വായ്പ നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വായ്പാ കാലാവധി നാലുവര്‍ഷമാണ്. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കും. പ്രാദേശിക ഉത്പന്നങ്ങളെ ആഗോളനിലവാരത്തില്‍ എത്തിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. ജന്‍ധന്‍ അക്കൗണ്ടിലൂടെ 52606 കോടിയുടെ ഇടപാട് നടന്നെന്നും ധനമന്ത്രി പറഞ്ഞു.