സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്ഗരി

ഭാവിയില്‍ വാഹനലോകത്തെ സുപ്രധാന മാറ്റങ്ങളിലൊന്നായിരിക്കും ഡ്രൈവറില്ലാത്ത കാറുകള്‍. റോഡ് സാഹചര്യങ്ങള്‍ മനസിലാക്കി സ്വയം നിയന്ത്രിച്ച്‌ ഓടുന്ന കാറുകള്‍ പരീക്ഷണയോട്ടങ്ങളും ലോകത്താകമാനം നടത്തുന്നുണ്ട്. എന്നാല്‍ ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുന്ന സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി.

ന്യൂഡല്‍ഹിയില്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഗഡ്ഗരി നയം വ്യക്തമാക്കിയത്. ഏകദേശം 1 കോടി ആളുകളുടെ ജോലി നഷ്ടപ്പെടുന്ന തീരുമാനം താന്‍ എടുക്കില്ലെന്നാണ് ഗഡ്ഗരി പറഞ്ഞത്. ഇതിനകം തന്നെ കമ്ബനികള്‍ തന്നെ സമീപിച്ചെന്നും അതിന് അനുവദിക്കില്ലെന്ന് അവരെ അറിയിച്ചെന്നും മന്ത്രി പറയുന്നു. ഇന്ത്യയില്‍ ഏകദേശം 40 ലക്ഷം ഡ്രൈവര്‍മാരുണ്ടെന്നും കൂടാതെ 25 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുണ്ടെന്നും ഏകദേശം 1 കോടി ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം താന്‍ നടപ്പാക്കില്ലെന്നുമാണ് ഗഡ്ഗരി പറയുന്നത്.

ഏഷ്യയിലേയും യൂറോപ്പിലേയും അമേരിക്കയിലേയും നിരവധി രാജ്യങ്ങളില്‍ നിലവില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ പരീക്ഷണയോട്ടം നടത്തുന്നുണ്ട്. ഗൂഗിള്‍ പോലുള്ള ടെക്‌കമ്ബനികളും വോള്‍വോ, ജനറല്‍ മോട്ടോഴ്സ്, ഫോഡ് തുടങ്ങിയ വാഹന കമ്ബനികളും തങ്ങളുടെ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണത്തിലാണ്.