മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല, നിത്യ മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. മലയാളത്തിന് പുറമെ തമിഴും തെലുങ്കും കന്നടയും കടന്ന് ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് നടി. സിനിയില്‍ തടി കൂടിയാല്‍ വേഷം ലഭിക്കില്ല എന്ന് പറഞ്ഞ് തടി കുറയ്ക്കുന്ന നായികമാര്‍ക്ക് ചുട്ട മറുപടിയാണ് നിത്യ മേനോന്റെ വളര്‍ച്ച. മറ്റുള്ളവരുടെ തൃപ്തിക്കോ അവസരത്തിനോ വേണ്ടി യാതൊരു വിട്ടുവീഴ്ചയ്ക്കും നടി തയ്യാറല്ല. എന്നാല്‍ തടി കൂടിയതിന്റെ പേരില്‍ താന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് പറയുകയാണ് നിത്യ മേനോന്‍. ഒരു അഭിമുഖത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

നിത്യ മേനോന്റെ വാക്കുകള്‍ ഇങ്ങനെ;

തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്, നിങ്ങളെക്കാള്‍ തടി കുറവുള്ളവരാണ് വിമര്‍ശിക്കുന്നത്. കൂടുതലുള്ളവര്‍ മിണ്ടില്ല. എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവര്‍ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കേണ്ടതില്ലില്ലോ. മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതില്‍ നിന്നും ഞാന്‍ മറികടക്കും. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും. തടിയല്ല വിഷയം.