തബ്ലീഗ് സമ്മേളനത്തിനെത്തിയ 128 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു,കേരളത്തില്‍ നിന്ന് പങ്കെടുത്തത് 339 പേര്‍

ഡല്‍ഹിയിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ എല്ലാവരെയും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. മാർച്ച് ഒന്നിനും 15നും ഇടയിൽ 8000 പേരാണ് തബ്‍ലീഗ് കേന്ദ്രത്തിലെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കെെമാറി. 2137 പേരെയാണ് ഇതുവരെ കണ്ടെത്തിയത്.

തബ്‌ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 399 പേരാണ്. തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 71 ആയി. 18 മലപ്പുറം സ്വദേശികളെയും 14 പത്തനംതിട്ട സ്വദേശികളെയും കൊല്ലം ജില്ലയിൽ 11 പേരെയുമാണ് തിരിച്ചറിഞ്ഞത്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ 8 പേരെ വീതവും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തും ഇടുക്കിയിലും 5 പേരെ വീതവും കോഴിക്കോട് 2 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡൽഹിയിൽ സർക്കാർ ആശുപത്രിയിലെ ഡോക്​ടർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. വൈറസ്​ ബാധയുള്ള രോഗികളെ ചികിത്സിക്കാത്ത ഡോക്​ടർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ആശുപത്രി പൂട്ടി. കിഴക്കൻ ഡൽഹിയിലെ ഡൽഹി സ്​റ്റേറ്റ്​ കാൻസർ ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോക്​ടർക്കാണ്​ ​വൈറസ്​ ബാധ കണ്ടെത്തിയിരിക്കുന്നത്​. ഇദ്ദേഹം അടുത്തിടെ വിദേശയാത്ര നടത്തുകയോ സംസ്ഥാനം വിട്ട്​ പോവുകയോ ചെയ്​തിട്ടില്ല.

എന്നാൽ, ഇദ്ദേഹം യു.കെയിൽ നിന്നും എത്തിയ ബന്ധുക്കളുമായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ടെന്നാണ്​ ആശുപത്രി വൃത്തങ്ങൾ പറയുന്നത്​. ഡോക്​ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന രോഗികളെയും ആശുപത്രി ജീവനക്കാ​രെയും ക്വാറൻറീൻ ചെയ്​തിട്ടുണ്ട്​.