ചിദംബരത്തിന് എതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് കോടതി; ജാമ്യാപേക്ഷ തള്ളി

P Chithambaram

ഐ.എന്‍.എക്‌സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ചിദംബരത്തിന് സാമ്പത്തിക ഇടപാടില്‍ മുഖ്യപങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു

അതേസമയം അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരം വാദിച്ചത്. ആരോഗ്യനില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ചിദംബരത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.

കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐ.എൻ.എക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്.ഒന്നാം യു.പി.എ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽ‍സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്.

ചിദംബരത്തിന്റെ മകൻ കാർത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം. കേസിൽ കാർത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. കാർത്തിയുടെ വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് സി.ബി.ഐ നിലപാട്.