സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇല്ല; ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങിക്കും

തിരുവനന്തപുരം: 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം നിലവിൽ വേണ്ടെന്ന നിലപാടിലാണ് കേരളം.സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനം. ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.  ഇപ്പോൾ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയാൽ കൂടുതൽ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തൽ.

നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിൻമെന്‍റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ, രാത്രികാല കർഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ച ശേഷം ലോക്ക്ഡൗൺ വേണമോ എന്ന കാര്യം തീരുമാനിക്കും. 18 വയസിന മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭ യോഗം പ്രധാന തീരുമാനമെടുത്തത്.

ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കൊവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്.