കൊവിഡ്, സാമ്പത്തിക ബാധ്യത; ഉപതെരഞ്ഞെടുപ്പുകള്‍ ഇല്ല

ദില്ലി: ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഇല്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കോവിഡ് വ്യാപനം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. കുട്ടനാട്, ചവറ, എന്നിവ ഉള്‍പ്പെടെ 7 ഉപതെരഞ്ഞെടുപ്പുകളാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യവും, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത, ജനങ്ങളുടെ ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സര്‍വ്വകക്ഷിയോഗത്തിലും ഇതേ ആവശ്യം അംഗീകരിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധാരണ ആയത്. ഇത് പ്രകാരം കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെച്ചു. കേരളത്തിന് പുറമേ തമിഴ്നാട്, ആസാം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ഉപതെരഞ്ഞെടുപ്പ് മറ്റണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. 7 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് വേണ്ടന്ന് വെച്ചത്. മറ്റ് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അതത് സംസ്ഥാനങ്ങാകുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.