ഇത്തവണ സാലറി ചലഞ്ചില്ല; ആര്‍ഭാടമില്ലാതെ ഓണാഘോഷം നടത്താന്‍ തീരുമാനിച്ച്‌ സര്‍ക്കാര്‍

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പ സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും, ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ അര്‍ഹതയുള്ളവരെ കണ്ടെത്തും. ദുരിതാശ്വാസ ക്യാമ്ബില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായകരമാണ് ഓണാഘോഷം. അതിനാല്‍ കഴിഞ്ഞ തവണ ഓണാഘോഷം നിര്‍ത്തിവെച്ചതുപോലുള്ള കര്‍ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു