Home kerala ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു. മലപ്പുറത്തെ ജില്ലാ ആശുപത്രിയിലെ നിർമാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തിൽ നിന്ന് വീണാണ് നാൽപ്പത്തിയെട്ടുകാരിക്ക് പരിക്കേറ്റത്. തൃശൂർ ചാലക്കുടി സ്വദേശിനി മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് വർഷം മുൻപാണ് മിനി ആശുപത്രിയിലെ ഹെഡ് നേഴ്‌സായി എത്തുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം സംഭവിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്സ് ബിനോയ് എന്നിവർക്കൊപ്പമാണ് മിനി ഓങ്കോളജി കെട്ടിടത്തിലെത്തിലെത്തിയത്.

കെട്ടിടത്തിന്റെ താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതിൽ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വെക്കുകയായിരുന്നു മിനി. പിന്നാലെ താഴേക്ക് വീണു. എട്ട് അടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ടിൽ കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്കായിരുന്നു വീണത്. വീഴ്ചയിൽ തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മിനിയെ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.