വിങ്ങിപ്പൊട്ടി കുഞ്ഞുമക്കള്‍, കണ്ണീരടക്കാനാവാതെ ജിജോഷ്, അശ്വതിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടനല്‍കി നാട്

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്‌സ് അശ്വതിയുടെ വിയോഗം നാടിന് തന്നെ സഹിക്കാനാവുന്നതല്ല. അശ്വതിക്ക് ഒടുവില്‍ ആ നാട് വിട നല്‍കി. ഇന്നലെ രാവിലെ പ്രത്യേക വിമാനത്തിലാണ് അശ്വതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹവുമായി ആംബുലന്‍സ് വീട്ടു പടിക്കല്‍ എത്തിയപ്പോള്‍ തന്നെ ബന്ധുക്കളും അയല്‍ക്കാരും സങ്കടം നിയന്ത്രിക്കാനായി പാടുപെട്ടു.

അമ്മയുടെ ചേതനയറ്റ മുഖത്ത് നോക്ക് ആറ് വയസ്സുകാരി ദിക്ഷയും നാല് വയസ്സുകാരി ദയാലും വിങ്ങിപ്പൊട്ടി കരഞ്ഞു. ഭര്‍ത്താവ് ജിജോയ്ക്ക് സങ്കടം അടക്കാന്‍ സാധിച്ചില്ല. ഇത് കണ്ടു നിന്നവരെ ആകെ കണ്ണീരിലാഴ്ത്തി.

സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സായിരുന്നു അശ്വതി. മേയ് നാലിനായിരുന്നു സൗദിയില്‍ വാഹനാപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞു സമീപത്തെ ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു അശ്വതി. മരിക്കുന്നതിന് 15 മിനിട്ട് മുന്‍പ് അശ്വതി വീട്ടില്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. മൂന്നു വര്‍ഷമായി, സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. മൂന്ന് മാസം മുമ്പാണ് അശ്വതി ഒടുവില്‍ നാട്ടില്‍ വന്നു പോയത്.