സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പോലും കഴിയാത്ത അവസ്ഥ. കരളലിയിക്കും ഈ കുറിപ്പ്

രാജ്യം കടുത്ത ലോക്ഡൗണിലാണെങ്കിലും വിശ്രമമില്ലാതെ പണിയെടുക്കയാണ് മെഡിക്കല്‍ വിഭാഗം. ാെരു ജീവന്‍ പോലും നഷ്ടപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ജോലിചെയ്യുന്നത്. പലപ്പോഴും സ്വന്തം ശരീരത്തെയും കുടുംബത്തെയുമൊക്കെ ഇവര്‍ മറക്കുകയാണ്. അത്തരമൊരു നഴ്‌സിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്ന സഹപ്രവര്‍ത്തകര്‍ വരെയുണ്ടന്ന് നഴ്‌സ് കുറിക്കുന്നു

ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഇങ്ങനെ

കൊവിഡ് 19 ബാധിച്ച രോഗികളെ ശുശ്രൂഷിക്കാന്‍ പോകേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എന്റെ രണ്ടു മക്കളെയും സഹോദരിയുടെ അടുത്തേക്ക് അയച്ചു. കാരണം അറിഞ്ഞുകൊണ്ട് എനിക്ക് അവരെ അപകടത്തിലാക്കാന്‍ തോന്നിയില്ല. ഭര്‍ത്താവിനോടു യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് ഇറങ്ങുമ്പോള്‍ ഞാനറിഞ്ഞില്ല, ദിവസങ്ങള്‍ കഴിഞ്ഞേ ഇനി അദ്ദേഹത്തെ കാണൂവെന്ന്. കുടുംബത്തിലുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ഞങ്ങള്‍ ആശുപത്രിയില്‍തന്നെ തുടരുന്നതാണു നല്ലതെന്ന് നഴ്‌സുമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ടിട്ട് 10 ദിവസത്തിലധികമായി. ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ എനിക്കു സമയം കിട്ടാത്തതിനാല്‍ അദ്ദേഹം എങ്ങനെ ഒറ്റയ്ക്കു കഴിയുന്നു, എന്തു കഴിക്കും എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയില്ല. കഠിനമേറിയ സമയമാണിത്. മുഖത്തു പുഞ്ചിരിയുമായി ദിവസവും അനവധി രോഗികളുമായി ഇടപെടേണ്ടി വരും. ചിലപ്പോള്‍ മനസ്സ് മടുപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്.

ഒരു റസ്റ്ററന്റിന്റെ ഹെഡ് ഷെഫ് ആയ ഒരു രോഗിക്ക് നല്‍കിയ ഭക്ഷണം വലിച്ചെറിഞ്ഞിട്ട് അയാള്‍ അലറി. ‘എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്ന് നിങ്ങളുടെ പാചകക്കാരന് അറിയില്ല, എന്താണ് എനിക്കു നിങ്ങള്‍ വിളമ്പിയത്’ – അയാളോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ നന്ദി ഉള്ളവരുമുണ്ട്. കുറച്ചു ദിവസം മുന്‍പ് തലവേദനയുള്ള വൃദ്ധനായ ഒരാളെ ഞാന്‍ കൗണ്‍സലിങ് ചെയ്യുകയായിരുന്നു. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നിട്ടുകൂടി തനിക്ക് വൈറസ് ബാധ ഉണ്ടോയെന്ന ഭയമായിരുന്നു അദ്ദേഹത്തിന്. ഞാന്‍ അദ്ദേഹത്തോടൊപ്പമിരുന്ന് സമാധാനിപ്പിച്ചു. സമ്മര്‍ദം കാരണമാണ് തലവേദന വന്നതെന്ന് മനസ്സിലാക്കിക്കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം തന്റെ മനസ്സിലെ ആശങ്കകള്‍ പരിഹരിച്ച് സമാധാനം നല്‍കിയതിന് നന്ദി അറിയിച്ചു.

തന്റെ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയാത്തതു പറഞ്ഞ് ഇന്നലെ ഒരു നഴ്‌സ് കരയുകയായിരുന്നു. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് കര്‍മനിരതരായേ പറ്റൂ. എന്റെ ഒരു സഹപ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ നാട്ടിലേക്കു കടക്കാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിനു രോഗബാധ ഉണ്ടോ എന്ന ഭയമായിരുന്നു അവര്‍ക്ക്. സത്യം പറഞ്ഞാല്, ഞാന്‍ എന്റെ കുഞ്ഞുങ്ങളെ മുറുകെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇടയ്ക്ക് വീഡിയോ കോളിലൂടെ മാത്രമാണ് അവരെ കാണുന്നത്. എനിക്കറിയാം അവര്‍ വിഷമത്തിലാണെന്ന്. നിങ്ങള്‍ വീടുകളില്‍ത്തന്നെ തുടര്‍ന്നാല്‍ മാത്രമേ എനിക്കവരെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കൂ..ദയവായി വീടുകളില്‍ തന്നെ തുടരൂ…