ഷിന്‍സിക്ക് കണ്ണീരോടെ വിട നല്‍കി നാട്, കണ്ടു നിന്നവരെ ആകെ ഈറനണിയിച്ച് ബിജോ

കുറവിലങ്ങാട്: നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം. അധിക നാള്‍ ഒരുമിച്ച് കഴിയാതെ ജോലിക്കായി ഇരുവരും അന്യ രാജ്യങ്ങളിലേക്ക്. അപകടത്തില്‍ പ്രിയതമയെ നഷ്ടപ്പെടുന്നു. ഒരു സാധാരണക്കാരന് പിടിച്ചു നില്‍ക്കാന്‍ ആവാത്ത അവസ്ഥ. ഇതേ അവസ്ഥയായിരുന്നു ബിജോ കുര്യന്റെയും..സൗദിയിലെ നജ്‌റാനില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്‌സ് വയലാ ഇടശേരിത്തടത്തില്‍ ഷിന്‍സി ഫിലിപ്പിന്റെ(28) മൃതദേഹം നാട്ടില്‍ എത്തിച്ചപ്പോള്‍ ഉറ്റവരും ഉടയവരും വിങ്ങിപ്പോട്ടി.

ഷിന്‍സിയുടെ ഭര്‍ത്താവ് ബിജോ കുര്യന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ ജീവന്റെ പാതി നഷ്ടമായി എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആ വിതുമ്പലിനും കരച്ചിലിനും മുന്നില്‍ ആര്‍ക്കും ഒന്നു സമാധാനിപ്പിക്കാന്‍ പോലും സാധിച്ചില്ല.

ഷിന്‍സിയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നലെയാണ് സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം കോട്ടയത്തു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഭര്‍ത്താവ് ബിജോ കുര്യന്റെ കുഴിമറ്റം പാച്ചിറത്തോപ്പില്‍ വീട്ടില്‍ കൊണ്ടുവന്നു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പതിനൊന്ന് മണിയോടെ വയലാ ഇടശേരിത്തടത്തില്‍ വീട്ടില്‍ എത്തിച്ചു. വീട്ടില്‍ ശുശ്രൂഷകള്‍ക്ക് ശേഷം ഇടവക ദേവാലയത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. ഷിന്‍സിയുടെ ഇടവക ദേവാലയത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കു മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറല്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, വികാരി ഫാ.ജോസഫ് തറപ്പേല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.