സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ തെക്കൻ അതിർത്തി പട്ടണമായ നജ്‌റാനിലാണ് വാഹനാപകടം ഉണ്ടായത്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികൾക്ക് പരിക്കേറ്റു.സ്‌നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. വാഹനത്തിൽ ഉണ്ടായിരുന്നു എല്ലാവരും മലയാളികൾ ആയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ സ്‌നേഹ, റിൻസി എന്നിവരെ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവർ അജിത്ത് നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്‌റാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സൗദിയിലെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തുണ്ട്.