ടോയ്‌ലറ്റിലെ നനഞ്ഞുകുതിർന്ന നിലത്ത് കൂടി ഇഴഞ്ഞു നീങ്ങുന്നതും, തിരിച്ച് വീൽ ചെറിയറിൽ കയറുന്നതുമൊക്കെ അനുഭവിച്ചാൽ മാത്രം അറിയുന്ന ദുരിതങ്ങളാണ്, കുറിപ്പ്

ഡിസബിലിറ്റി ഉള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതുകയാണ് നുസ്രത്ത്. ഡിസബിലിറ്റിയുള്ള കുട്ടി അമ്മയുടെ മാത്രം ബാധ്യതയാണെന്നാണ് ചിലരുടെ ധാരണ. വിവാഹങ്ങളും, സൽക്കാരങ്ങളും, മാറ്റി വെച്ച്. നോന്തു പ്രസവിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം കുഞ്ഞിന് കാവലിരിക്കുന്ന എത്രയോ അമ്മ മാലാഖമാരുണ്ടെന്ന് നുസ്രത്ത് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

വീൽ ചെയറിൽ ഇരിക്കുന്ന ഒരു വ്യക്തിയെ കാണുമ്പോൾ ഒറ്റക്കാഴ്ചയിൽ നിങ്ങൾക്ക് തോന്നുന്നതെന്താണെന്ന് ചോദിച്ചാൽ ചെറിയൊരു സഹതാപത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തോന്നാറുണ്ട്. ആ വീട്ടിൽ അങ്ങനെ ഒരു കുട്ടിയുണ്ട് പാവല്ലേ എന്ന വാക്കിൽ ചുരുക്കിയിട്ട് നടന്നു പോകുന്നർ. അതിനപ്പുറത്തേക്ക് എത്രപേർക്കറിയാം.?ഡിസബിലിറ്റിയുള്ള ആളുടെ ദൈനംദിന കാര്യങ്ങൾ എങ്ങനെയാണ് കഴിഞ്ഞു പോകുന്നതെന്ന്.ഞങ്ങളുടെ വേദനകളും, പ്രശ്നങ്ങളും ഞങ്ങൾക്കേ അറിയൂ.!ടോയ്‌ലറ്റിലെ നനഞ്ഞുകുതിർന്ന നിലത്ത് കൂടി ഇഴഞ്ഞു നീങ്ങുന്നതും.തിരിച്ച് വീൽ ചെറിയറിൽ കയറുന്നതുമൊക്കെ അനുഭവിച്ചാൽ മാത്രം അറിയുന്ന ദുരിതങ്ങളാണ്.!ഇതിനെല്ലാം സാക്ഷ്യം വഹിച്ച് ഒരു നിഴലു പോലെ കൂടെയുള്ള അമ്മയ്ക്ക് അറിയുന്നത്ര കൂടപ്പിറപ്പുകൾക്കോ, ബന്ധുക്കൾക്കോ അറിയില്ല എന്നത് അത്ഭുതമല്ലേ.?

ഒരു ദിവസം അമ്മ എങ്ങോട്ടെങ്കിലും ഒന്ന് പോയാൽ എടുത്തു വെക്കാൻ പോലും അറിയില്ല എന്ന് പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നാറുണ്ട്.!ഡിസബിലിറ്റിയുള്ള ഒരു കുട്ടി എങ്ങനെയാണ് അമ്മയുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നത്.?അവരുടെ മാത്രം ഉത്തരവാദിത്വമായി അവർക്ക് തോന്നുന്നത് കൊണ്ടല്ലേ ഞാൻ മരിക്കുന്നതിനു മുന്നേ ഇന്റെ കുട്ടി മരിക്കണമെന്നവർ പറയുന്നത്.?അല്ലെങ്കിൽ അങ്ങനെ ഒരു ആഗ്രഹം ഏതെങ്കിലും ഒരു അമ്മ പറയോ.?ഈ അടുത്ത് ഡിസബിലിറ്റിയുള്ള ഒരു പെൺകുട്ടിയുടെ സഹോദരൻ പെണ്ണ് കാണാൻ പോയി. രണ്ടാൾക്കും പരസ്പരം ഇഷ്ടമാവുകയും ചെയ്തു. ഇങ്ങനെ ഒരു കുട്ടിയുണ്ട് എന്ന് പറഞ്ഞപ്പോൾ ആ വീട്ടുകാർ ചോദിക്കുകയാണ്.ഈ പെൺകുട്ടിയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ കഴിഞ്ഞോ.?അതോ കിടപ്പിലാണോ.?കിടപ്പിലാണെകിൽ അവർക്ക് പറ്റില്ല.

അത് എന്താ കാര്യം എന്ന് ഞാൻ ചോദിച്ചപ്പോൾ കിടപ്പിലായ കുട്ടിയുടെ അമ്മയുടെ കാലം കഴിഞ്ഞാൽ ഞങ്ങളുടെ കുട്ടി അവളെ നോക്കേണ്ടി വരും.അത് പറ്റില്ല..!ഈ പറയുന്ന ആളുടെ വീട്ടിലുള്ളവർക്ക് ഒന്നും ഒരിക്കലും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടോ എന്ന എന്റെ ചോദ്യത്തിനുത്തരം ഇല്ലായിരുന്നു ആ അമ്മയ്ക്ക്.അതുകൊണ്ടാണ് മുന്നേ ഞാൻ പറഞ്ഞത്.ഡിസബിലിറ്റിയുള്ള കുട്ടി അമ്മയുടെ മാത്രം ബാധ്യതയാണെന്ന്.!വിവാഹങ്ങളും, സൽക്കാരങ്ങളും, മാറ്റി വെച്ച്. നോന്തു പ്രസവിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം കുഞ്ഞിന് കാവലിരിക്കുന്ന എത്രയോ അമ്മ മാലാഖമാരുണ്ട്.!