ഈ ജന്മദിനം കണക്കില്‍ കൂട്ടില്ല, എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നു; നൈല ഉഷ

മുപ്പത്തിയാറാം ജന്മദിനം എത്തിയിരിക്കുന്നത്. എന്നാല്‍ നടി നൈല ഉഷ ഹോം ക്വാറന്റൈനിലാണ്. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കെന്ന് നൈല പറയുന്നു. ഇത്തവണ കൂട്ടുകാരുമില്ല, കുടുംബവുമില്ല. ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്ഡേ ടു മി എന്ന് നൈല കുറിക്കുന്നു.

ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല, ആഘോഷങ്ങളും. പക്ഷേ നിങ്ങള്‍ എനിക്കു അയച്ചു തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്.. എല്ലാവരോടും സ്നേഹം എന്നും നൈല കുറിക്കുന്നു.

നൈലയുടെ പോസ്റ്റിന് പിന്നാലെ സുഹൃത്തുക്കളും കൂട്ടുകാരുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. ഗായകരായ ജോബ് കൂര്യന്‍, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ് തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു. മലയാളത്തില്‍ സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നൈല ഉഷ. തന്റെ കരിയറില്‍ പത്ത് സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്.

ഇതില്‍ എറ്റവുമൊടുവിലായി പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തില്‍ മറിയം എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നൈല കാഴ്ചവെച്ചത്. പൊറിഞ്ചു മറിയം ജോസ് നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ജോഷി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നൈലയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്. ചെമ്ബന്‍ വിനോദ് ജോസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്ങ്‌സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്, ലൂസിഫര്‍ തുടങ്ങിയവയാണ് നെെല ഉഷയുടെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു. മഴവില്‍ മനോരമയിലെ മിനുട്ട് ടു വിന്‍ ഇറ്റ് എന്ന പരിപാടി ആയിരുന്നു നടി അവതരിപ്പിച്ചത്. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കി ആയി പ്രവര്‍ത്തിക്കുകയാണ് നൈല ഉഷ.