പേഴ്‌സണലായി അക്രമിക്കുന്നത് ചീപ് ഷോയാണ്, രമ്യ പണിക്കര്‍ക്കെതിരെയുള്ള ഫിറോസ് ഖാന്റെ അറ്റാക്കില്‍ മറുപടിയുമായി ഒമര്‍ ലുലു

മലയാളം ബിഗ്‌ബോസ് ഷോ ദിവസം കഴിയുന്തോറം ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രമ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി ഫിറോസ് ഖാന്‍ എത്തിയിരുന്നു. ഇതില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ കൂടി ഇടപെടുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. ഒടുവില്‍ ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുകയും സ്ത്രീകളോട് മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് നിയമത്തിന് എതിരാണെന്നും ആരോപിച്ചിരുന്നു. ശേഷം ഇവരെ പരുപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇപ്പോള്‍ കഴിഞ്ഞ ദിവസം ഒമര്‍ ലുലു ഫിറോസ് ഖാനെ കുറിച്ച് തന്റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

കുറിപ്പ് വായിക്കാം,

അത്യാവശ്യം നല്ല രീതിയില്‍ തന്നെ തന്റെ ടാസ്‌കുകള്‍ ചെയ്യുന്ന ഒരു മത്സരാര്‍ത്ഥിയാണ് രമ്യ പണിക്കര്‍. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്‌നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസില്‍ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്‌സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയില്‍ ഉള്ള ആരോപണങ്ങളും റുമേഴ്‌സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്. കളി ജയിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോര്‍ട്ട് ചെയ്ത് സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സുകളിലും മറ്റുമായി കൂട്ടം ചേര്‍ന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാള്‍ഡ് ഫാന്‍സ് നടത്തുന്നത് തീര്‍ത്തും ടോക്‌സിക് ആയ പ്രവര്‍ത്തനവും. ഒരാളെ കുറിച്ചു ആരോപണങ്ങള്‍ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു.

നമ്മള്‍ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാന്‍ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം. ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്. രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂര്‍ണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളില്‍ രമ്യ നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതും ആയിരിക്കും. ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്‌സണല്‍ അറ്റാക്കുകള്‍ തീര്‍ത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം.