ഒമിക്രോൺ ഡെൽറ്റയെക്കാൾ തീവ്രത കുറഞ്ഞ വകഭേദം; ഭയക്കണ്ടതില്ലെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍

കൊറോണയുടെ ഒമിക്രോൺ വകഭേദ൦ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവുമായ ഡോ ആന്റണി ഫൗസി. ഒമിക്രോൺ വേഗത്തിൽ പടരുമെങ്കിലും ഡെൽറ്റ വകഭേദത്തെക്കാൾ ഗുരുതരമല്ല എന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ബാധിച്ചവർ ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം കുറവാണെന്നും ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമിക്രോൺ ബാധിച്ചവർ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നില്ല. ബീറ്റ, ഡെൽറ്റ തുടങ്ങിയ വകഭേദങ്ങളെക്കാൾ ഗുരുതരമല്ല ഒമിക്രോൺ എന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോണും, ഡെൽറ്റയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ തമ്മിലുള്ള അനുപാതവും ആന്റണി ഫൗസി ചൂണ്ടിക്കാട്ടി. എന്നാൽ ഒമിക്രോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും ഫൗസി പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതിനാൽ, ഇവിടം കേന്ദ്രീകരിച്ചാണ് കൂടുതൽ പഠനങ്ങളും നടക്കുന്നത്.

ഒമിക്രോൺ ആഴ്ചകളെടുത്ത് ഗുരുതരമായ രൂപത്തിലേക്ക് മാറാനുള്ള സാഹചര്യവും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ഇതിനെ കുറിച്ച് ഇപ്പോഴും വിശദമായ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എങ്കിലും മറ്റ് വകഭേദങ്ങളെ പോലെ കഠിനമായ രോഗത്തിന് കാരണമാകില്ലെന്നും മരണത്തിന് കാരണമായേക്കില്ലെന്നുമാണ് വിലയിരുത്തൽ. ആശുപത്രികേസുകൾ കുറയുന്നതും, മരണം റിപ്പോർട്ട് ചെയ്യപ്പെടാത്തതും ശുഭസൂചകമാണെന്നും ആന്റണി ഫൗസി പറയുന്നു.