
ആദ്യമായാണ് എം എ യൂസഫലി തന്റെ മരണാനന്തിര കാര്യങ്ങൾ ചെറുതായി എങ്കിലും ഒന്ന് പങ്കുവയ്ക്കുന്നത്. മരണ ശേഷം ഒന്നര കോടി രൂപ ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിനു എല്ലാ വർഷവും നല്കാൻ എഴുതി വയ്ക്കും എന്നാണ് പ്രഖ്യാപനം ഉണ്ടായത്
കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനെത്തിയ എംഎ യൂസഫലി ഗോപി നാഥ് മുതുകാടിന്റെയും കൂടെ നിന്നവരുടെയും ഹൃദയവും മനസും നിറച്ചു. എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവർഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാൻ എഴുതിവയ്ക്കും, ഇപ്പോൾ ഒന്നരക്കോടി രൂപയും ഞാൻ തരുന്നെന്നാണ് എം.എ യൂസഫലി പറഞ്ഞത്. 83 കോടി രൂപ ചെലവിൽ ഭിന്നശേഷിക്കാർക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസർകോട് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.
കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറൻറ് ആർട് സെൻററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുരുന്നുകൾ സ്വീകരിച്ചത്. സെൻററിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങൾ യൂസഫലി ആദ്യം സന്ദർശിച്ചു. കുട്ടികളുടെ ചിത്രരചനകൾ കാണാനെത്തിയപ്പോൾ അതിവേഗം തൻറെ ചിത്രം ക്യാൻവാസിൽ പകർത്തിയ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു
സംഗീത പഠന കേന്ദ്രമായ ബീഥോവൻ ബംഗ്ലാവിൽ പാട്ടുകൾ പാടി എതിരേറ്റ കൊച്ചുകൂട്ടുകാർക്കിടയിൽ യൂസഫലിയും ഇരുന്നു. പിന്നീട് സംഗീത ഉപകരണങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിക്കുന്ന കേന്ദ്രവുമടക്കം സന്ദർശിച്ചു. സംഘഗാനത്തോടെയാണ് സെൻററിലെ നൂറിലധികം വരുന്ന അമ്മമാർ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അൽപനേരം ചെലവഴിച്ചു.
കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് പിന്നാലെയാണ് ഡിഫറൻറ് ആർട് സെൻററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറുന്നതായി യൂസഫലി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസർഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും യൂസഫലി അറിയിച്ചു. എൻഡോസൾഫാൻ ദുരിതമേഖല കൂടിയായ കാസർഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.