കണ്ണൂരില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ രണ്ടാംഭര്‍ത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടില്‍വെച്ച് കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.