ആ വി ഐ പി ഞാനല്ല, ദിലീപുമായുള്ളത് ബിസിനസ് ബന്ധം മാത്രം- മെഹബൂബ് അബ്‌ദുള്ള

ബാലചന്ദ്രകുമാര്‍ പറയുന്ന വിഐപി ഞാനല്ല,ദിലീപുമായി ബിസ്‌നസ് ബന്ധം മാത്രം. പോലീസുകാരെ കൊല്ലാന്‍ സ്‌കെച്ചിട്ടെന്ന കേസ്സില്‍ ദിലീപ് സംഘത്തിലെ ആറാമന്‍ പ്രവാസി വ്യവസായി കുടുങ്ങിയെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി വ്യാവസായി രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതനായ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. ദിലീപ് സംഘത്തിലെ ആറാമനാരെന്ന് കേരളക്കര ഒന്നാകെ ചോദിച്ച് കൊണ്ടിരുന്നത്. പോലീസിനെ വട്ടംചുറ്റിച്ച ആറാമന്‍ വെളിച്ചത്തേക്കെന്ന് നിമിഷ നേരംകൊണ്ടാണ് കാട്ടുതീ പോലെ പടര്‍ന്നത്. ഒടുവില്‍ കുരുക്കെന്ന് ബോധ്യപ്പെട്ടതോടെ വ്യവസായി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്ന വിഐപി താനല്ല. തന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പൊലീസ് തെളിയിക്കട്ടെ. ദിലീപുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂ. സമീപകാലത്ത് ദിലീപിന്റെ വീട്ടില്‍ പോയിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് ഖത്തറിലെ ഹോട്ടല്‍ സംരംഭവുമായി ബന്ധപ്പെട്ട് ദിലീപിനെ കണ്ടിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണോ വീട്ടില്‍ പോയി കണ്ടെതെന്ന് ഓര്‍മയില്ല. ദിലീപ് തന്നെ ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. നാര്‍കോ അനലിസിസ് പരിശോധനയ്ക്കുള്‍പ്പെടെ എന്തിനും താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 2017 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാള്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രവാസി വ്യവസായിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

പൊലീസ് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയിരുന്നു. ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിള്‍ വന്നു എന്നും കാവ്യ മാധവന്‍ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കിയതിന്റെ അടുത്ത ദിവസം ഇയാള്‍ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ പൊലീസ് ഏകദേശം സ്ഥിരീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം വരുന്നതിനായി ശബ്ദ സാംപിളുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.