ജോസ് വിഭാഗത്തെ പുറത്താക്കിയത് മുന്നണിയുടെ ധാരണ ലംഘിച്ചതിന്- ഉമ്മന്‍ ചാണ്ടി

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത് യു.ഡി.എഫിലുള്ള ആരും ആഗ്രഹിക്കാത്ത കാര്യമാണെന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോഴാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

‘ജോസ് കെ. മാണി വിഭാഗം ധാരണ പാലിച്ചില്ല. സംസ്ഥാന തലത്തിലുള്ള ഒരു പ്രശ്‌നമായിരുന്നില്ല അത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച്‌ മുമ്ബ് തര്‍ക്കം വന്നപ്പോള്‍ യു.ഡി.എഫ്. നേതാക്കള്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. എഗ്രിമെന്റ് ഇല്ല എന്നുള്ളത് ഞങ്ങള്‍ സമ്മതിച്ചതാണ്. പക്ഷേ ധാരണയുണ്ടായിരുന്നു. എന്നാല്‍ എട്ട് മാസം ജോസ് കെ. മാണിയുടെ പാര്‍ട്ടിയില്‍നിന്നും ആറ് മാസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍നിന്നും പ്രസിഡന്റ് വേണമെന്നുള്ളത്. ആ ധാരണ നടപ്പിലാക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ എടുക്കേണ്ടി വന്ന ഒരു തീരുമാനമാണ് പുറത്താക്കല്‍ വരെ കൊണ്ട് എത്തിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാല് മാസത്തോളം സമയമെടുത്തു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഞങ്ങള്‍ ആഗ്രഹിക്കാത്ത തീരുമാനമെടുത്തത്. ആ തീരുമാനമെടുത്തില്ലെങ്കില്‍ യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നു കഴിഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം ആരുടെ മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ പാലിച്ചാല്‍ വീണ്ടും ചര്‍ച്ചകള്‍ക്കും മറ്റുമുള്ള സാധ്യതകളാണ് തുറന്നു കിടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞങ്ങളെടുത്ത തീരുമാനം ജോസ് കെ. മാണിയെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പ്രതികൂലമായിട്ടാണ് പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിന് കെ.എം. മാണി നല്‍കിയ സംഭാവന ഞങ്ങള്‍ മറന്നിട്ടില്ല കൂടാതെ മറക്കുകയുമില്ല. ധാരണ നടപ്പിലാക്കി അവര്‍ മുന്നോട്ടുവരണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. രണ്ടു വിഭാഗങ്ങളേയും ഒന്നിപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്. തുടര്‍ന്നും അതുണ്ടാകും. ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. യു.ഡി.എഫ് അത് ആഗ്രഹിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.